
മികച്ച വിജയം നേടിയ വിദ്യാർഥികളെ നേരിട്ട് അഭിനന്ദിച്ച് യുഎഇ പ്രധാന മന്ത്രി ഷെയ്ഖ് മുഹമ്മദ്
ദുബായ്: യുഎഇ യിലെ ഹൈസ്കൂളുകളിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർഥികൾ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. അവരുടെ അക്കാദമിക് മികവിനെ പ്രശംസിച്ച അദ്ദേഹം, വിദ്യാർഥികളുടെ നേട്ടങ്ങളിൽ അഭിമാനം പ്രകടിപ്പിക്കുകയും ചെയ്തു.
ദുബായ് യൂണിയൻ ഹൗസിൽ നടന്ന സംഗമത്തിൽ വിദ്യാർഥികളുടെ ശ്രമങ്ങളെ ഷെയ്ഖ് മുഹമ്മദ് പ്രകീർത്തിക്കുകയും അറിവ് പഠനം എന്നിവ ദേശീയ പുരോഗതിയുടെയും സമൃദ്ധിയുടെയും അടിസ്ഥാന ഘടകങ്ങളാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഈ നേട്ടം ഭാവിയിലേക്കുള്ള വഴികാട്ടിയായി മാറട്ടെയെന്നും രാജ്യത്തിന്‍റെയും സമൂഹത്തിന്‍റെയും വികസനത്തിന് കൂടുതൽ ഉയർന്ന ലക്ഷ്യങ്ങൾ നേടാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
''രാജ്യത്തെ വിദ്യാർഥികളുടെ വിജയത്തിന് അനിവാര്യമായ പിന്തുണ നൽകിയ അവരുടെ കുടുംബങ്ങൾക്കും അധ്യാപകർക്കും നന്ദി അറിയിക്കുന്നു. ഈ വിദ്യാർഥികൾ വിവിധ വിജ്ഞാന മേഖലകളിൽ കൂടുതൽ വലിയ മുന്നേറ്റങ്ങൾ നടത്തുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നു'' - അദ്ദേഹം പറഞ്ഞു. ഭാവിയിലെ എല്ലാ നേട്ടങ്ങളും കെട്ടിപ്പടുക്കുന്ന മൂലക്കല്ല് അക്കാദമിക് മികവാണെന്ന് വിശ്വസിക്കുന്നതിനാലാണ് സന്തോഷം പങ്കിടുന്നതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ഷെയ്ഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്താനായതിലുള്ള ആഹ്ളാദവും കൃതജ്ഞതയും വിദ്യാർഥികൾ പങ്കുവെച്ചു. ഷെയ്ഖ് മുഹമ്മദിന്‍റെ വാക്കുകൾ തങ്ങളുടെ അക്കാദമികവും വ്യക്തിപരവുമായ യാത്രകളിൽ ശാശ്വത പ്രചോദന സ്രോതസ്സായി നിലകൊള്ളുമെന്ന് വിദ്യാർഥികൾ പറഞ്ഞു.