
ഷെയ്ഖ് മുഹമ്മദ്
file image
ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ 'പ്രചോദനാത്മക സാഹിത്യ വ്യക്തി'യായി വേൾഡ് സിൽക്ക് റോഡ് ഫോറം പ്രഖ്യാപിച്ചു. ദുബായിയെ ഒരു സാംസ്കാരിക കേന്ദ്രമായും കിഴക്കിനും പടിഞ്ഞാറിനും ഇടയിലുള്ള ഒരു പാലമായും മാറ്റിയെടുത്ത അസാധാരണ ദർശനത്തിനുള്ള അംഗീകാരമായാണ് ഷെയ്ഖ് മുഹമ്മദിനെ തിരഞ്ഞെടുത്തത്.
മെയ് 29 വരെ നീളുന്ന സിൽക്ക് റോഡ് ഇന്‍റർനാഷണൽ കാവ്യോത്സവത്തിന്‍റെ അഞ്ചാം പതിപ്പിന് ദുബായ് ആതിഥേയത്വം വഹിക്കുമെന്നും ഈ അഭിമാനകരമായ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ അറബ് നഗരമായി ദുബായ് മാറുമെന്നും ഫോറം പ്രഖ്യാപിച്ചു. മെയ് 27 ന് നടക്കുന്ന ഫെസ്റ്റിവലിന്‍റെ അവാർഡ് ദാന ചടങ്ങിന് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി ആതിഥേയത്വം വഹിക്കും.ദുബായിലെയും മറ്റ് എമിറേറ്റുകളിലെയും സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനായി ഏകദേശം 50 കവികളും കലാകാരന്മാരും ചിത്രകാരന്മാരും എത്തും. ചൈനയിലെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ പീപ്പിൾസ് ഡെയ്‌ലി ഉൾപ്പെടെ 20 ചൈനീസ് ഏജൻസികൾ പരിപാടി റിപ്പോർട്ട് ചെയ്യാൻ എത്തും.
ആഴത്തിലുള്ള മാനുഷിക, ദേശിയ , ബൗദ്ധിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നിരവധി കൃതികൾ ഷെയ്ഖ് മുഹമ്മദ് സാഹിത്യ ലോകത്തിന് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിൽ ഒന്ന്, യു എ ഇ യുടെ രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെയും അദ്ദേഹത്തിന്‍റെ പാരമ്പര്യത്തെയും അനുസ്മരിക്കുന്ന 87 കവിതകളുടെ സമാഹാരമായ സായിദ് (2018) ആണ്.
2014-ൽ എഴുതിയ ഫ്ലാഷസ് ഓഫ് വേഴ്‌സ് എന്ന കൃതിയിൽ അറബിയിലും ഇംഗ്ലീഷിലുമുള്ള അദ്ദേഹത്തിന്‍റെ രചനകളിൽ നിന്നുള്ള നിന്നുള്ള 52 ഭാഗങ്ങൾ ഉൾപ്പെടുന്നു. ജീവിതത്തിലെ വെല്ലുവിളികൾ, സ്നേഹം, വിജയം, മനുഷ്യാനുഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രമേയങ്ങളാണ് അവയിലുള്ളത്. അറബിയിലും ഇംഗ്ലീഷിലുമുള്ള 40 പോയംസ് ഫ്രം ദി ഡെസേർട്ട് (2011), തന്‍റെ മാതൃരാജ്യത്തോടും അതിന്‍റെ ചിഹ്നങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ സ്‌നേഹത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. കുതിരകളോടുള്ള ഷെയ്ഖ് മുഹമ്മദിന്‍റെ അഭിനിവേശം ഫോർ ദി ലവ് ഓഫ് ഹോഴ്‌സസിൽ പ്രകടമാണ്. കവിതാ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകളുടെ ചില ഉദാഹരണങ്ങൾ മാത്രമാണിതെന്ന് വേൾഡ് സിൽക്ക് റോഡ് ഫോറത്തിലെ കവിതാ സമിതിയുടെ ചെയർമാനായ പ്രൊഫസർ വാങ് ഫാങ്‌വെൻ പറഞ്ഞു.