ദുബായ്: സമസ്ത കേരള സുന്നി കൗൺസിലിന് കീഴിൽ സംഘടിപ്പിക്കുന്ന സമസ്ത ഗ്രാൻഡ് മീലാദ് കോൺഫറൻസ് ശനിയാഴ്ച ദുബൈ അൽ മംസർ (അൽ ഇത്തിഹാദ് സ്കൂൾ) സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ നഗറിൽ നടക്കും. നബിദിന സന്ദേശം, യു.എ.ഇയിലെ പ്രമുഖർ നേതൃത്വം നൽകുന്ന ബുർദ മജ്‌ലിസ്, പണ്ഡിതന്മാർ, സാദാത്തീങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന മൗലിദ് മജ്‌ലിസ്, ഹുബ്ബു റസൂൽ പ്രഭാഷണം തുടങ്ങിയ പരിപാടികൾ നടക്കും.
വൈകുന്നേരം നാലര മണിക്ക് ആരംഭിക്കുന്ന ആദ്യ സെഷൻ ടി.കെ.സി അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ സയ്യിദ് അബ്ദു റഹ്മാൻ തങ്ങൾ അബൂദബി ഉദ്ഘാടനം ചെയ്യും. 'നബിദിനത്തിന്റെ പ്രാമാണികത' എന്ന വിഷയത്തിൽ അബ്ദുൽ ജലീൽ ദാരിമി ദുബൈ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി പ്രൊജക്ട് അവതരിപ്പിക്കും.
7 മണിക്ക് തുടങ്ങുന്ന സെഷനിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ നേതൃത്വം നൽകുന്ന ബുർദ മജ്‌ലിസും മൗലിദ് മജ്‌ലിസും നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം യു.എ.ഇ സുന്നി കൗൺസിൽ പ്രസിഡന്റ് സയ്യിദ് പൂക്കോയ തങ്ങൾ ബാ അലവിയുടെ അധ്യക്ഷതയിൽ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം മൊയ്തീൻ കുട്ടി ഫൈസി വാക്കോട് അനുഗ്രഹ പ്രഭാഷണവും അൻവർ മുഹ്‌യുദ്ദീൻ ഹുദവി ഹുബ്ബു റസൂൽ പ്രഭാഷണവും നടത്തും. സമാപന പ്രാർത്ഥനക്ക് സയ്യിദ് മുബശ്ശിർ തങ്ങൾ നേതൃത്വം നൽകും.