

യുഎഇയിലെ സാമൂഹിക- ജീവകാരുണ്യ പ്രവർത്തകൻ സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ അന്തരിച്ചു
ദുബായ്: യുഎഇയിലെയും കേരളത്തിലെയും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ മാളിക (53) അന്തരിച്ചു. അസുഖബാധിതനായി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കാസർകോട് കുമ്പള സ്വദേശിയാണ്.
ദുബായിൽ അൽ ജബീൻ സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടറായിരുന്ന ഷാഹുൽ ഹമീദ് തങ്ങൾ, കെഎംസിസിയുടെ മുൻ ഭാരവാഹിയായും ദുബായ് മലബാർ കലാ സാംസ്കാരിക വേദി ട്രഷററായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ കുമ്പള സയ്യിദ് മുഹമ്മദ് തങ്ങൾ മാളിക-മൈമൂന ബീവി ദമ്പതികളുടെ മൂത്ത മകനാണ്. സയ്യിദത്ത് അസ്മാ ബീവിയാണ് ഭാര്യ. മക്കൾ: സയ്യിദ് ഇസ്മയിൽ, ഹാഷിർ സയ്യിദ് ഷമാസ്, മൈമൂനത് ഹംന. മൃതദേഹം കുമ്പോൽ ചെരിയ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
സയ്യിദ് ഷാഹുൽ ഹമീദ് തങ്ങളുടെ നിര്യാണത്തിൽ ദുബായ് കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു.