
എമിറേറ്റ്‌സ് ഐഡി കാർഡുകൾ വഴി മാറുന്നു; തിരിച്ചറിയാൻ ഇനി മുഖം മതിയാകും
representative image
ദുബായ്: യുഎഇയിൽ പ്രധാന സേവനങ്ങൾ ലഭിക്കുന്നതിന് എമിറേറ്റ്സ് ഐ ഡി കാർഡുകൾ ഹാജരാക്കണമെന്ന സ്ഥിതിക്ക് മാറ്റം വരുന്നു. മുഖവും ബയോമെട്രിക് സംവിധാനവും ഉപയോഗിച്ച് വ്യക്തികളുടെ തിരിച്ചറിയൽ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്ന രീതിയിലുള്ള മാറ്റമാണ് വരുന്നത്. എമിറേറ്റ്‌സ് ഐഡി കാർഡിന് ബദലായുള്ള സമ്പൂർണ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമായി ഇത് മാറും.
ഇതോടെ എമിറേറ്റ്സ് ഐ ഡി കാർഡ് എപ്പോഴും കൈവശം കരുതേണ്ടി വരുന്ന അവസ്ഥക്ക് മാറ്റം വരും. ഒരു വർഷത്തിനുള്ളിൽ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് ഫെഡറൽ നാഷണൽ കൗൺസിലിൽ എഫ് എൻ സി കാര്യ സഹമന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് നൽകുന്ന സൂചന.
ബാങ്കിങ്, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ ഇ-എമിറേറ്റ്‌സ് ഐഡികളുടെ ഉപയോഗം വിപുലീകരിക്കുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഡിജിറ്റൽ പരിവർത്തനത്തിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടും എമിറേറ്റ്സ് ഐഡി കാർഡ് എപ്പോഴും കൈയിൽ കരുതേണ്ട സാഹചര്യമാണെന്ന് കൗൺസിൽ അംഗം അദ്‌നാൻ അൽ ഹമ്മദി ചൂണ്ടിക്കാണിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇ-എമിറേറ്റ്‌സ് ഐഡി ഇതിനകം തന്നെ നിരവധി സേവനങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെന്ന് സഹമന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ്,പറഞ്ഞു . എഫ്എൻസി അംഗങ്ങൾ ചൂണ്ടിക്കാണിച്ച മേഖലകളിൽ അതിന്‍റെ ഉപയോഗം വിപുലീകരിക്കുന്നതിന് അതോറിറ്റി മുൻഗണന നൽകുമെന്ന് അദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ ആദ്യത്തെ സുരക്ഷിത ദേശീയ ഡിജിറ്റൽ ഐഡന്റിറ്റിയായ യുഎഇപാസ് ആപ്പിനായി 2021-ൽ അതോറിറ്റി നേരത്തെ മുഖം ഉപയോഗിച്ചുള്ള തിരിച്ചറിയൽ സേവനം ആരംഭിച്ചിരുന്നു.