
ഈദ് ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യുഎഇ
ദുബായ്: പുണ്യകരമായ ഈദ് ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ യുഎഇ ആഹ്‌ളാദത്തോടെ സ്വാഗതം ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 1:39 ന് അബുദാബിയിലെ എൻഎംസി റോയൽ ആശുപത്രിയിലാണ് ആദ്യത്തെ ഈദ് കുഞ്ഞ് ജനിച്ചത്. ജോർദാനിലെ മാതാപിതാക്കൾ സ്വാഭാവിക പ്രസവത്തിലൂടെ 3.56 കിലോഗ്രാം ഭാരമുള്ള ആരോഗ്യവാനായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.
വീട്ടമ്മയായ റെഹാഫ് മുഹമ്മദ് മൻസൂറിന്‍റെയും കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ് ഇബ്രാഹിം അബ്ദുലിന്‍റെയും പന്ത്രണ്ടാമത്തെ കുട്ടിയാണ് ബേബി സില. പ്രസവത്തിന് മേൽനോട്ടം വഹിച്ചത് ഡോ. ഇമാൻ അബ്ദുൽ ഫത്താ സാദെയാണ്.
ദുബായിലെ പ്രവാസി ഇന്ത്യൻ മാതാപിതാക്കളായ നികിത പരേഷ് വാദ്കക്കും യോഗേഷിനും പുലർച്ചെ 1:54 നാണ് കുഞ്ഞ് ജനിച്ചത്. ദുബായിലെ പ്രൈം ആശുപത്രിയിലാണ് 2.9 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞ് പിറന്നത്.
പുലർച്ചെ 4:39 ന് ദുബായ് അൽ ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ മൻസൂർ അലി- ഹനീന സൈതമ്മരകത്ത് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു.
തൊട്ടുപിന്നാലെ ദുബായ് അൽ നഹ്ദ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ മറ്റൊരു ഈദ് കുഞ്ഞ് കൂടി ജനിച്ചു. വോങ്‌വോസെൻ ജെറെജെ ഏരിയ -ചീകെഡിസ് ടെസ്ഫേ ദമ്പതികൾക്കാണ് 3.680 കിലോഗ്രാം ഭാരമുള്ള ആൺകുഞ്ഞ് പിറന്നത്. എത്യോപ്യൻ മാതാപിതാക്കളുടെ ആദ്യ കുട്ടിയാണിത്.