
ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇ
അബുദാബി : ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് യുഎഇ. സംഘർഷം ലഘൂകരിക്കാനുള്ള സുപ്രധാന നീക്കമാണിതെന്നും സ്ഥിരത സൃഷ്ടിക്കാനുള്ള അനുകൂല അന്തരീക്ഷത്തിന് ഇത് വഴിയൊരുക്കുമെന്നും യുഎഇ പ്രത്യാശ പ്രകടിപ്പിച്ചു.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നയതന്ത്ര ശ്രമങ്ങളെയും, വെടിനിർത്തൽ കരാർ പ്രാബല്യത്തിലാക്കാൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി നടത്തിയ ക്രിയാത്മക പങ്കിനെയും വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിൽ പ്രശംസിച്ചു.
കൂടുതൽ സംഘർഷം തടയാനും, മേഖലയിലുടനീളം സമാധാനം പുനഃസ്ഥാപിക്കാനും ഫലപ്രദമായ ഏകോപനം തുടരേണ്ടതിന്‍റെ പ്രാധാന്യം യുഎഇ എടുത്തുപറഞ്ഞു. സുരക്ഷ, സ്ഥിരത, വികസനം എന്നിവ ശക്തിപ്പെടുത്താനും വിവിധ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധത യുഎഇ ആവർത്തിച്ചു വ്യക്തമാക്കി.