
യുഎഇയിൽ പറക്കും ടാക്സിയുടെ പരീക്ഷണ പറക്കൽ ഈ വർഷം തന്നെ: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
അബുദാബി: യുഎഇയിൽ വാണിജ്യാടിസ്ഥാനത്തിൽ പറക്കും ടാക്സി സർവീസ് തുടങ്ങുന്നതിന് മുന്നോടിയായിട്ടുള്ള പരീക്ഷണ പറക്കൽ ഉടൻ തുടങ്ങുമെന്ന് യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ സ്ഥാപകനും സിഇഒയുമായ ആദം ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ ആദ്യ പരീക്ഷണ ഫ്ലയിങ്ങ് ടാക്സി എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“ഫ്ലയിങ് ടാക്സിയുടെ കഴിവുകൾ പ്രകടിപ്പിക്കുക, പൊതുജന സ്വീകാര്യത വർധിപ്പിക്കുക, പ്രവർത്തന മികവ് മെച്ചപ്പെടുത്തുക, പ്രതീക്ഷിച്ചതിലും നേരത്തെ വരുമാനം ഉണ്ടാക്കുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം. കാലിഫോർണിയയിൽ ഫ്ലയിങ്ങ് ടാക്സിയുടെ ഫ്ലൈറ്റ് ടെസ്റ്റ് പ്രോഗ്രാം ഞങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.
അബുദാബി ഇൻവെസ്റ്റ്‌മെന്‍റ് ഓഫീസുമായി സഹകരിച്ചാണ് ആർച്ചർ ഏവിയേഷൻ യുഎഇയിൽ പറക്കുന്ന കാർ 'മിഡ്‌നൈറ്റ്' നിർമിക്കുന്നതിനും, ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനും, നടപടികൾ സ്വീകരിക്കുന്നത്.
"രണ്ടാം പാദത്തിൽ, കാലിഫോർണിയയിലെയും ജോർജിയയിലെയും ഞങ്ങളുടെ കമ്പനികളിൽ ആറ് മിഡ്‌നൈറ്റ് വിമാനങ്ങളുടെ നിർമാണം പൂർത്തിയായി' - ആർച്ചറിന്‍റെ സ്ഥാപകൻ പറഞ്ഞു. വാണിജ്യപരമായി ലാഭകരമായ ഒരു ഉൽപ്പന്നത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇയിലും കാലിഫോർണിയയിലും സംയുക്ത പ്രവർത്തന സെഷനുകളിലൂടെ ആർച്ചർ ടീമുകൾ സഹകരിക്കുന്നുണ്ടെന്നും യുഎഇയുടെ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി മിഡ്‌നൈറ്റുമായി ബന്ധപ്പെട്ട എല്ലാ പുരോഗതിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വേനൽക്കാലത്ത് യുഎഇയിൽ പരീക്ഷണം നടത്തുന്നതിലൂടെ ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിലെ പ്രകടനം വിലയിരുത്താൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.