
ലണ്ടൻ: സ്റ്റുഡന്‍റ്സ് വിസയിലേർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും കനത്ത നിയന്ത്രണങ്ങളുമായി ബ്രിട്ടീഷ് സർക്കാർ. അടുത്ത ഏപ്രിൽ മാസം മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സിന് പങ്കാളിയേയോ മക്കളെയോ ആശ്രിത വിസയിൽ യുകെയിലേക്ക് കൊണ്ടു വരാനാവില്ല. യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലിവേർലി തിങ്കളാഴ്ച പാർലമെന്‍റിലവതരിപ്പിച്ച കുടിയേറ്റ ഭേദഗതി നിയമത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ഇതിനു പുറമേ വിദേശികൾക്ക് യുകെ വീസ ലഭിക്കാനുള്ള കുറഞ്ഞ ശമ്പളം നിലവിലെ 26,200 പൗണ്ടെന്ന നിലയിൽ നിന്ന് 38,700 പൗണ്ടായി ഉയർത്തി. ഫാമിലി വിസ ലഭിക്കാനും 38,700 പൗണ്ടോളം ശമ്പളം ആവശ്യമാണ്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യക്കാരെ പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള കെയർ വർക്കർമാരെ പ്രതികൂലമായി ബാധിക്കും.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ കുടിയേറ്റത്തിലുണ്ടായ വലിയ വർധനവാണ് ഇത്തരമൊരു തീരുമാനത്തിലെക്കെത്താൻ കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. സ്റ്റുഡന്‍റ് വീസയിൽ ഉള്ളവർക്ക് ആശ്രിത വീസയും പോസ്റ്റ് സ്റ്റഡി വർക്ക് വീസയും ലഭിക്കാനുള്ള മാനദണ്ഡങ്ങൾ നേരത്തെ തന്നെ സർക്കാർ കർക്കശമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്സ് വീസയിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.