
ഇറാൻ ആണവ കേന്ദ്രങ്ങളിലെ അമെരിക്കൻ ആക്രമണം: സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുവെന്ന് യുഎഇ ആണവ അതോറിറ്റി
അബുദാബി: ഇറാന്‍റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്നുള്ള സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ വ്യക്തമാക്കി.
അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉൾപ്പെടെയുള്ള രാജ്യാന്തര പങ്കാളികളുമായി ഏകോപിപ്പിച്ച്, സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഔദ്യോഗിക ചാനലുകൾ വഴി കൃത്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചു.
ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ യു.എ.ഇയിൽ ഒരു പ്രത്യാഘാതവും ഉണ്ടാവില്ലെന്ന് എഫ്.എ.എൻ.ആർ പ്രസ്താവനയിൽ വ്യക്തമാക്കി. വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ ആശ്രയിക്കാനും കിംവദന്തികളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.