150 വർഷം പഴക്കമുള്ള ഭരണഘടനാ വ്യവസ്ഥ റദ്ദാക്കാൻ ട്രംപ്; ഇന്ത്യക്കാർക്ക് ആശങ്ക

കുടിയേറ്റക്കാരെയാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്. ഒപ്പം, യുഎസ് പൗരൻമാരുടെ ചില സൗകര്യങ്ങളും നഷ്ടപ്പെടും.
Donald Trump
ഡോണൾഡ് ട്രംപ്File photo
Updated on

വാഷിങ്ടൺ ഡിസി: യുഎസ് ഭരണഘടനയിൽ 150 വർഷ് മുൻപ് ഉൾപ്പെടുത്തിയ ഒരു വ്യവസ്ഥ നീക്കം ചെയ്യുമെന്ന് നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുമ്പോൾ ആശങ്കപ്പെടുന്നവരിൽ ഏറെയും ഇന്ത്യക്കാരാണ്. കാരണം, കുടിയേറ്റക്കാരെയാണ് ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത്.

യുഎസ് ഭരണഘടനയുടെ 14ാം ഭേദഗതിയായി ഉൾപ്പെടുത്തിയ വ്യവസ്ഥയാണ് ട്രംപ് ചവറ്റുകുട്ടയിലെറിയാൻ പോകുന്നത്. യുഎസിൽ ജനിക്കുന്ന കുട്ടികൾക്കെല്ലാം യുഎസ് പൗരത്വം ഉറപ്പ് നൽകുന്ന വ്യവസ്ഥയാണിത്. ഇതുപ്രകാരം, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് യുഎസിലെത്തിയവർ അവിടത്തെ പൗരൻമാരല്ലെങ്കിൽപ്പോലും അവിടെ വച്ച് അവർക്ക് കുട്ടി ജനിച്ചാൽ കുട്ടിക്ക് യുഎസ് പൗരത്വം ലഭിക്കും. കുട്ടിയുടെ പൗരത്വം മാതാപിതാക്കൾക്ക് റെസിഡൻസ് പെർമിറ്റിനും തുടർന്ന് പൗരത്വത്തിനും അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കുകയും ചെയ്യും.

യുഎസിൽ ജനിക്കുന്നവർക്കെല്ലാം യുഎസ് പൗരത്വം നൽകുക എന്ന രീതി വിഡ്ഢിത്തമാണെന്നാണ് ട്രംപിന്‍റെ പ്രഖ്യാപിത നിലപാട്. തന്‍റെ ആദ്യത്തെ പ്രസിഡൻഷ്യൽ കാലയളവിലും ട്രംപ് ഇതേ വിഷയം ഗൗരവമായി പരിഗണിച്ചിരുന്നെങ്കിലും അന്ന് ഭരണഘടനാ ഭേദഗതി സാധ്യമായിരുന്നില്ല. എന്നാൽ, ഇത്തവണ ജനപ്രതിനിധി സഭയിൽ വ്യക്തമായ പിന്തുണയുള്ള സാഹചര്യത്തിൽ അദ്ദേഹത്തിന് തീരുമാനവുമായി മുന്നോട്ടു പോകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് യുഎസ് പൗരത്വം എന്ന വ്യവസ്ഥ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് ട്രംപിന്‍റെ ആരോപണം. പ്രസവ സമയത്തേക്കു മാത്രമായി വിദേശരാജ്യങ്ങളിൽനിന്നുള്ള സ്ത്രീകളെ കുടിയേറ്റക്കാർ ഇവിടേക്ക് കൊണ്ടുവരുന്ന രീതിപോലുമുണ്ടെന്ന് അദ്ദേഹം പറയുന്നു.

അതേസമയം, നിലവിലുള്ള പൗരത്വ വ്യവസ്ഥ റദ്ദാക്കുന്നത് സങ്കീർണമായ പ്രക്രിയ ആയിരിക്കുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനയുടെ 14ാം ഭേദഗതി പ്രകാരം ജനന സർട്ടിഫിക്കറ്റ് യുഎസിൽ പൗരത്വ രേഖ കൂടിയാണ്. തലമുറകളായി യുഎസിൽ ജീവിക്കുന്നവർക്കു പോലും അവരുടെ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പൗരത്വം തെളിയിക്കാം. എന്നാൽ, ജനനം പൗരത്വത്തിനുള്ള അവകാശമല്ലെന്നു വന്നാൽ ഈ സൗകര്യം അടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com