
ഒട്ടാവ: ആഗോള കുടിയേറ്റ മേഖലയിൽ വിപ്ലവകരമായ തീരുമാനവുമായി കനേഡിയൻ ഇമിഗ്രേഷൻ വകുപ്പ്. യുഎസ് നൽകുന്ന എച്ച്1-ബി തൊഴില്‍ വിസയുള്ളവര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്. ഒരു രാജ്യത്തിന്‍റെ വിസ ഉപയോഗിച്ച് മറ്റൊരു രാജ്യത്ത് ജോലി ചെയ്യാനുള്ള അനുമതി ചരിത്രത്തിൽ തന്നെ അത്യപൂർവം.
പതിനായിരം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇത്തരത്തില്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതു ലഭിക്കുന്നവർക്ക് മൂന്നു വർഷം കനേഡിയൻ വിസയെടുക്കാതെ കാനഡയിൽ തുടരാം. രാജ്യത്തെവിടെയും ഏത് തൊഴിലുടമയ്ക്കു കീഴിലും ജോലി ചെയ്യാൻ സാധിക്കും. ജീവിത പങ്കാളിയെ കൂട്ടാനും അനുമതിയുണ്ട്. അവർക്ക് താത്കാലിക റസിഡന്‍റ് വിസ കാനഡ തന്നെ നല്‍കും. ഇതുപയോഗിച്ച് പങ്കാളിക്ക് ജോലി ചെയ്യുകയോ ഉപരിപഠനം നടത്തുകയോ ആവാം.
ഈ വര്‍ഷം അവസാനത്തോടെ കനേഡിയൻ സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ കുടിയേറ്റ നയത്തിനു മുന്നോടിയായാണ് ഈ തീരുമാനം കണക്കാക്കപ്പെടുന്നത്. വരാനിരിക്കുന്ന നയം വലിയ തോതിൽ ഉദാരമായിരിക്കുമെന്ന പ്രതീക്ഷയും ഇതു നൽകുന്നു.