
വി സോൺ ഇന്‍റർനാഷനൽ
ദുബായ്: വാഹന വ്യൂഹ നിയന്ത്രണ രംഗത്ത് സമൂലമായ മാറ്റം സാധ്യമാക്കുന്ന എഐ അധിഷ്ഠിത സംവിധാനം അവതരിപ്പിച്ച് മലയാളി ഉടമസ്ഥതയിലുള്ള വി സോൺ ഇന്‍റർനാഷനൽ. ഇതിനായി പ്രത്യേകം രൂപകൽപന ചെയ്ത, സംവേദനക്ഷമമായ എഐ അസിസ്റ്റന്‍റ് 'വി സോൺ എഐ'ക്ക് ദുബായിൽ തുടക്കമായി.
സങ്കീർണമായ സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി, ലളിതമായ ചോദ്യങ്ങൾ (ടെക്സ്റ്റ്, ശബ്ദം വഴി) ചോദിക്കുന്നതിലൂടെ ഏത് വാഹനത്തെക്കുറിച്ചുള്ള നിർണയക വിവരങ്ങളും തൽക്ഷണം നേടാൻ ഈ സംവിധാനം ഓപ്പറേറ്റർമാരേ സഹായിക്കും. ഇതിന് ഫ്ലീറ്റ് ഉടമകൾക്കും മാനേജർമാർക്കും പ്രത്യേക സാങ്കേതിക പരിശീലനം ആവശ്യമില്ല. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഈ ഡിജിറ്റൽ സംവിധാനം ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സംരംഭമാണെന്ന് വി സോൺ ഇന്‍റർനാഷനൽ മാനേജ്മെന്‍റ് അവകാശപ്പെട്ടു.
ഗതാഗത നിയമലംഘനം നിരീക്ഷിക്കൽ, മോഷണം കണ്ടെത്തൽ, മുൻകൂട്ടിയുള്ള മെയിന്‍റനൻസ് അറിയിപ്പുകൾ, ചെലവ് നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വി സോൺ എഐ ഉപയോക്താവിനെ സഹായിക്കും. ജിസിസി വിപണിക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത എഐ പ്ലാറ്റ്‌ഫോം ചെലവ് കുറയ്ക്കാനും സുരക്ഷ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് മാനേജിങ് ഡയറക്റ്റർ അൻവർ മുഹമ്മദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
18 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയാണ് വി സോൺ ഇന്‍റർനാഷനൽ. പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ യിലെ വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ച നടത്തുന്നുണ്ട്. ഓപ്പറേഷൻസ് മാനേജർ എൻ.എം. ഷെരീഫ്, ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്റ്റർ ഷബീർ അലി, അഡ്മിൻ മാനേജർ റാഫി പള്ളിപ്പുറം, ഐടി മാനേജർ ഷെനുലാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.