

ആഘോഷപൂർവം 'ഒരുമേന്‍റോണം'
ഷാര്‍ജ: പ്രഗൽഭ വാഗ്മിയും എഴുത്തുകാരനുമായിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്‍റെ ജന്മ സ്ഥലമായ കണ്ണൂരിലെ അഴീക്കോടുകാരുടെ യുഎഇ കൂട്ടായ്‌മയായ 'ഒരുമ'യുടെ ഓണാഘോഷം 'ഒരുമേന്‍റോണം' എന്ന പേരിൽ നടത്തി.
ഷാര്‍ജ സെന്‍റര്‍ മാളിലെ ആര്‍കെ ഹാളിൽ നടത്തിയ ആഘോഷ പരിപാടികള്‍ വിന്‍സ്‌മേര ജ്വല്ലേഴ്‌സ് ചെയര്‍മാന്‍ ദിനേശ് കൊമ്പ്രത്ത് ഉദ്‌ഘാടനം ചെയ്തു. ഒരുമ അഴീക്കോട് പ്രസിഡണ്ട് സുബീര്‍ ആലാങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുബീര്‍ കെ.കെ., വൈസ് പ്രസിഡണ്ട് അഫ്‌സല്‍ കോര്‍ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രന്‍, ലസിത് കായക്കല്‍, വിജയന്‍ ചേനമ്പേത്ത്, രമ്യ സജേഷ് എന്നിവര്‍ പ്രസംഗിച്ചു. മായ ദിനേശ് കവിത ആലപിച്ചു. ട്രഷറര്‍ മധൂസൂധനന്‍ സ്വാഗതവും പ്രജോഷ് നമ്പോലൻ നന്ദിയും പറഞ്ഞു. അംബു സതീഷ് അവതാരകയായിരുന്നു.
ആട്ടം തിയറ്റര്‍ അവതരിപ്പിച്ച പൂതപ്പാട്ട് എന്ന ദൃശ്യാവിഷ്‌കാരം, കലാമണ്ഡലം മാലതിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര, തൈക്കുടി ടീം അവതരിപ്പിച്ച ഗാനമേള എന്നിവ ശ്രദ്ധേയമായി. ഓണസദ്യ, ഘോഷയാത്ര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരുന്നു.