
അന്ത്യശ്വാസം ഒരുമിച്ച് അന്ത്യ നിദ്ര രണ്ടിടത്ത്: വൈഭവിയുടെ സംസ്‌കാരം ദുബായിൽ തന്നെ, വിപഞ്ചികയുടെ മൃത ശരീരവുമായി അമ്മ നാട്ടിലേക്ക്
ഷാർജ: അൽ നഹ്ദയിലെ ഫ്ലാറ്റിൽ ജീവനൊടുക്കാൻ തീരുമാനിച്ചപ്പോൾ ഒന്നര വയസുള്ള വൈഭവിയെ കൂടെക്കൂട്ടാൻ അമ്മ വിപഞ്ചികയെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും? ജീവിതത്തിലും മരണത്തിലും ഒരുമിച്ച് തന്നെ എന്ന ചിന്തയായിരിക്കുമോ? അറിയാൻ നമ്മുടെ മുന്നിൽ മാർഗങ്ങളൊന്നുമില്ല. എന്നാൽ അമ്മയും കുഞ്ഞും രണ്ടിടത്ത് അന്ത്യനിദ്ര കൊള്ളണമെന്നാണ് വിധി. യുഎഇ യിലെ കോടതി വിധി പ്രകാരം പിതാവ് നിതീഷിന്‍റെ തീരുമാനമനുസരിച്ച് കുഞ്ഞിന്‍റെ മൃത ശരീരം ദുബായിൽ സംസ്‌കരിക്കും. അമ്മ വിപഞ്ചികയുടെ സംസ്‌കാരം നാട്ടിൽ നടത്തും.
കുഞ്ഞിന്‍റെ മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെയും സഹോദരൻ വിനോദിന്‍റെയും ആഗ്രഹമെങ്കിലും കുഞ്ഞിന്‍റെ മൃതദേഹം വച്ച് വിലപേശാൻ തയ്യാറല്ലാത്തത് കൊണ്ടാണ് സംസ്‌കാരം യുഎഇ യിൽ നടത്താൻ സമ്മതിച്ചതെന്ന് ഇരുവരും പറഞ്ഞു. പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ഇനിയും ഫ്രീസറിൽ വച്ചു കൊണ്ടിരിക്കുന്നത് വേദനാജനകമാണ്. കോടതി വിധി അംഗീകരിക്കുന്നു, പിതാവിന്‍റെ അവകാശങ്ങളെ മാനിക്കുന്നു, ആരോടും ഒരെതിർപ്പും ഇല്ല, സഹായിച്ച എല്ലാവരോടും നന്ദി മാത്രം - ഇരുവരും മാധ്യമ പ്രവർത്തരോട് പറഞ്ഞതിങ്ങനെ.
ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ശൈലജ, വിനോദ്, വിപഞ്ചികയുടെ ഭർത്താവ് നിതീഷിന്‍റെ ബന്ധുക്കൾ എന്നിവരുമായി കോൺസുലേറ്റ് അധികൃതർ നടത്തിയ ചർച്ചയിൽ ഷൈലജയും വിനോദും കോടതി വിധി അംഗീകരിച്ചു. വൈഭവിയുടെ സംസ്‌കാരം ദുബായിൽ ഹൈന്ദവ ആചാര പ്രകാരം സംസ്‌കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ഒന്നോ രണ്ടോ ദിവസത്തിനകം സംസ്‌കാരം നടക്കും. വിപഞ്ചികയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തുകഴിഞ്ഞ സാഹചര്യത്തിൽ ഉടൻ തന്നെ നാട്ടിലേക്ക് കൊണ്ടുപോകും. ഇരുവരുടെയും മരണത്തിൽ നിതീഷ് മോഹൻ, പിതാവ് മോഹനൻ, സഹോദരി എന്നിവർക്കെതിരേ നാട്ടിൽ കേസെടുത്തിട്ടുണ്ട്