
വിപഞ്ചിക, വൈഭവി
ദുബായ്: ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച ഒന്നര വയസുകാരി വൈഭവിയുടെ സംസ്‌കാരം ദുബായ് ജബൽ അലിയിൽ നടത്തി. ന്യൂ സോനാപ്പൂരിൽ ഹൈന്ദവ മതാചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്. കുഞ്ഞിന്‍റെ പിതാവ് നിതീഷ്, നിതീഷിന്‍റെ അച്ഛൻ മോഹനൻ, സഹോദരി, കുഞ്ഞിന്‍റെ മാതാവ് വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരൻ വിനോദ്, ബന്ധുക്കളായ ശ്രീജിത്ത്, സന്ധ്യ വിപഞ്ചികയുടെ സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
വിപഞ്ചികയുടെ മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകും. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹം നാട്ടിൽ സംസ്കരിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയും സഹോദരൻ വിനോദും ആഗ്രഹിച്ചതെങ്കിലും യുഎഇ നിയമമനുസരിച്ച് കുഞ്ഞിന് മേലുള്ള അവകാശം പിതാവിനാണെന്ന് കോടതി വിധിച്ചതോടെ ഈ അവകാശ വാദം ഇരുവരും ഉപേക്ഷിച്ചു.
കുഞ്ഞിന്‍റെ മൃതദേഹം വച്ച് വിലപേശാൻ തയ്യാറല്ലാത്തത് കൊണ്ടാണ് സംസ്‌കാരം യുഎഇ യിൽ നടത്താൻ സമ്മതിച്ചതെന്ന് ഇരുവരും പറഞ്ഞു. ഈ മാസം എട്ടിനാണ് വിപഞ്ചിക, മകൾ വൈഭവി എന്നിവരെ ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.