ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്‍റൈൻ

കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് എഡി പോർട്ട് ഗ്രൂപ്, അഡാഫ്‌സ, എഡിപിഐസി എന്നിവ സഹകരിച്ചാണ് വെറ്ററിനറി ക്വാറന്‍റൈൻ സൗകര്യം രൂപകൽപന ചെയ്തത്
veterinary quarantine at khalifa port
ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്‍റൈൻ
Updated on

അബുദാബി: രാജ്യത്തെ പ്രധാന പോർട്ടുകളിലൊന്നായ ഖലീഫ തുറമുഖത്ത് വെറ്ററിനറി ക്വാറന്‍റൈൻ ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും അബൂദബി കാർഷിക-ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്‌സ) ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്‌യാന്‍റെ നിർദേശത്തെത്തുടർന്നാണിത്.എമിറേറ്റിലെ ജൈവ സുരക്ഷാ, ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുക, മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് ഈ സൗകര്യം വഴി ലക്ഷ്യമിടുന്നത്.

മൃഗ വ്യാപാരം വർധിപ്പിക്കാനും കന്നുകാലി ഇറക്കുമതിയെ പിന്തുണയ്ക്കാനും പുനർ കയറ്റുമതി അവസരങ്ങൾ ഊർജിതപ്പെടുത്താനും തത്സമയ മൃഗ വ്യാപാരത്തിലും മാംസ വ്യവസായത്തിലും പ്രാദേശികവും അന്തർദേശീയവുമായ കമ്പനികളെ ആകർഷിക്കാനും ഇത് വഴി സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് സഈദ് അൽ നുഐമി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന മൃഗങ്ങളിൽ രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കുന്നതിനും അവയുടെ രാജ്യത്തേക്കുള്ള പ്രവേശനം തടയുന്നതിനും ഈ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ സുസ്ഥിരമായ ഭക്ഷ്യ വിതരണ ശൃംഖല വികസിപ്പിക്കുന്നതിന് എഡി പോർട്ട് ഗ്രൂപ്, അഡാഫ്‌സ, അബൂദബി പ്രോജക്ട്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെന്‍റർ (എ.ഡി.പി.ഐ.സി) എന്നിവ സഹകരിച്ചാണ് വെറ്ററിനറി ക്വാറന്‍റൈൻ സൗകര്യം രൂപകൽപന ചെയ്തത്. മികച്ച മാതൃകകളും ആഗോള നിലവാരവും അനുസരിച്ച് നിർമിച്ചിരിക്കുന്ന അത്യാധുനിക ഉപകരണങ്ങളും വിദഗ്ധരായ ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്ന വെറ്റിനറി ലബോറട്ടറി യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു. ക്വാറന്‍റൈൻ സൗകര്യത്തിനായി പ്രതിവർഷം ഒരു ദശലക്ഷത്തിലധികം കന്നുകാലികളെ കൈകാര്യം ചെയ്യാൻ സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com