ദുബായ്: ഗതാഗത നിയമം ലംഘിച്ച 3779 ഇ സ്കൂട്ടറുകൾ, ഇ ബൈക്കുകൾ, സൈക്കിളുകൾ എന്നിവ ദുബായ് പൊലീസ് പിടിച്ചെടുത്തു. നായിഫ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തതെന്ന് നായിഫ് പൊലീസ് സ്റ്റേഷൻ ആക്ടിങ്ങ് ഡയറക്ടർ ഒമർ മൂസ അസ്ഹർ വ്യക്തമാക്കി.
ഈ വർഷം ഇതുവരെ നടന്ന പരിശോധനയിലാണ് 2826 സൈക്കിളുകളും, 771 ഇ ബൈക്കുകളും, 722 ഇ സ്കൂട്ടറുകളും പിടിച്ചെടുത്തത്. ഇ സ്കൂട്ടറിൽ യാത്രക്കാരെ കയറ്റുന്നതും, ബാലൻസ് തെറ്റും വിധം സാധനങ്ങൾ കയറ്റുന്നതും, രൂപമാറ്റം വരുത്തുന്നതും നിയമവിരുദ്ധമാണെന്ന് അദേഹം അറിയിച്ചു.
ഇത്തരം വാഹനങ്ങൾ അനുവദിക്കപ്പെട്ട ഇടങ്ങളിൽ കൂടി മാത്രമേ ഓടിക്കാൻ പാടുള്ളുവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ദുബായ് പൊലീസ് ആപ്പിലെ പൊലീസ് ഐ'സംവിധാനം വഴി അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. 901 നമ്പറിൽ വിളിച്ചും ഇക്കാര്യം റിപ്പോർട്ട് ചെയ്യാവുന്നതാണ്.