വ്യാജരേഖ ചമച്ച് വിസയെടുത്തവരും ഏജന്‍റുമാരും കുടുങ്ങും

മലയാളികളും സംശയത്തിന്‍റെ നിഴലിലാണെന്നാണ് വിവരം. വ്യാജ ഭാഷാ പരിജ്ഞാന സര്‍ട്ടിഫിക്കറ്റ് നല്‍കി വിസ നേടിയ നഴ്സുമാരും അന്വേഷണത്തിന്‍റെ പരിധിയിൽ
Visa with forged documents: Germany to nab migrants, agents
വ്യാജരേഖ ചമച്ച് വിസയെടുത്തവരും ഏജന്‍റുമാരും കുടുങ്ങുംFreepik
Updated on

പ്രത്യേക ലേഖകൻ

ബര്‍ലിന്‍: അര്‍ഹതയില്ലാത്ത അപേക്ഷകര്‍ക്ക് ജർമൻ വിസ അനുവദിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ അധികൃതര്‍ ഊർജിത അന്വേഷണം ആരംഭിച്ചു. വ്യാജ രേഖകൾ ഹാജരാക്കിയവർക്കു പോലും വിസ ലഭിക്കാൻ എംബസി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട്, ജർമൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ വരെ പ്രോസിക്യൂട്ടർമാരുടെ അന്വേഷണ പരിധിയിലാണിപ്പോൾ.

ചില ഫോറിൻ ഓഫിസ് ഉദ്യോഗസ്ഥർ അനർഹർക്ക് വിസ നല്‍കാൻ സഹപ്രവര്‍ത്തകര്‍ക്കു മേൽ സമ്മര്‍ദം ചെലുത്തിയെന്നാണ് സംശയം. ജർമൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിലാണ് ഇതെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും അന്വേഷണം നീളുന്നു. മലയാളികളും സംശയത്തിന്‍റെ നിഴലിലാണെന്നാണ് വിവരം. വ്യാജ ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് നല്‍കി വിസ നേടിയ നഴ്സുമാരും ഇതിൽ ഉൾപ്പെടുന്നു. വ്യാജ നഴ്സിങ് സ്കൂളിന്‍റെ വിലാസം ഉപയോഗിച്ച് വിസ തരപ്പെടുത്തിയവരുമുണ്ടെന്നാണ് സൂചന. ഇല്ലാത്ത ഹോട്ടലിന്‍റെ പേരില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ജോലിക്ക് വിസ തരപ്പെടുത്തിയവരും, വ്യാജരേഖകള്‍ തയാറാക്കാൻ ഇവരെ സഹായിച്ച ജര്‍മനിയിലെയും കേരളത്തിലെയും ഏജന്‍സികളുമെല്ലാം അന്വേഷണത്തിന്‍റെ പരിധിയിൽ വരും.

ലക്ഷക്കണക്കിന് രൂപ ഈടാക്കി, കേരളത്തിലിരുന്നും ജര്‍മനിയിലിരുന്നും വ്യാജ രേഖകള്‍ തയാറാക്കിക്കൊടുത്ത എല്ലാ ഏജന്‍റുമാരെയും കുടുക്കാനാണ് ജര്‍മന്‍ വിദേശകാര്യമന്ത്രാലയം ശ്രമിക്കുന്നത്. ജര്‍മനിയിലെ അടിസ്ഥാനാ ഭാഷാ പരിജ്ഞാന മാനദണ്ഡമായ ബി വണ്‍ പോലും പാസാവാത്തവർ ബി ടു ലെവല്‍ സര്‍ട്ടിഫിക്കറ്റ് വരെ വ്യാജമായി നിർമിച്ചു നല്‍കുന്ന, ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മാഫിയയെ പ്രോസിക്യൂട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ ഏജന്‍റുമായി ജര്‍മനിയിലും കേരളത്തിലും പ്രവർത്തിക്കുന്നവരെ കുടുക്കാനും വല വിരിച്ചുകഴിഞ്ഞു.

ഇങ്ങനെ വ്യാജരേഖകള്‍ നല്‍കി സ്റ്റുഡന്‍റ് വിസയിൽ ജര്‍മനിയിലെത്തിയ പതിനഞ്ചോളം കുട്ടികളെ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. പലപ്പോഴും വിദ്യാർഥികളും ഉദ്യോഗാർഥികളും ഇത്തരം സംഭവങ്ങളിൽ ഏജന്‍റുമാരുടെ കെണിയിൽ വീഴുകയാണ് ചെയ്യുന്നത്. ഹോട്ടൽ മാനെജ്മെന്‍റ് ജോലിക്ക് കൊണ്ടുവന്ന ഇരുപതോളം പേർ, ഏജൻസി പറയുന്ന വിലാസത്തിൽ ഹോട്ടലോ താമസ സൗകര്യമോ ഇല്ലെന്നു മനസിലാക്കുന്നത് ജർമനിയിലെത്തിയ ശേഷമാണ്. ഫ്രാങ്ക്ഫര്‍ട്ടും ഡ്യുസല്‍ഡോര്‍ഫും ക്രേഫെല്‍ഡുമൊക്കെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മലയാളി ഏജന്‍റുമാർ തന്നെയാണ് ഈ ചതിക്കു പിന്നിൽ പ്രവർത്തിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു വ്യക്തമായിട്ടുണ്ട്.

ചതിയില്‍പ്പെട്ട ഉദ്യോഗാർഥികൾ വഴിയാണ് പൊലീസ് ഈ ഏജന്‍റുമാരുടെ വിശദാംശങ്ങൾ മനസിലാക്കിയത്. കേരളത്തില്‍ നിന്ന് ഏജന്‍റുമാര്‍ വഴി ജര്‍മനിയിലെത്തിയ നഴ്സുമാരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അനധികൃതമായി പിടിച്ചുവയ്ക്കുകയും ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്ത ഏജന്‍റുമാക്കും തൊഴിലുടമകൾക്കും എതിരേ നഴ്സുമാര്‍ പൊലീസില്‍ പരാതി നല്‍കിയതും വിദേശ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ജര്‍മനിയില്‍ ജോലിക്കോ മറ്റാവശ്യങ്ങള്‍ക്കോ എത്തിയിട്ടുള്ള ആരുടെയും ഒറിജിനല്‍ രേഖകള്‍ വാങ്ങി സൂക്ഷിക്കാനോ പിടിച്ചുവയ്ക്കാനോ ഏജന്‍റിനോ തൊഴിലുടമയ്ക്കോ അവകാശമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com