

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസിറ്റ് വിസ: നടപടികൾ വിശദീകരിച്ച് ദുബായ് ജിഡിആർഎഫ്എ
ദുബായ്: ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശക വിസയിൽ ദുബായിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് ‘റിലേറ്റീവ് / ഫ്രണ്ട് വിസിറ്റ് വിസ’ സേവനം പ്രയോജനപ്പെടുത്താം. ഈ വിസയ്ക്ക് അപേക്ഷിക്കേണ്ട രീതി വിശദീകരിച്ച് ജിഡിആർഎഫ്എ ദുബായ് ബോധവത്കരണ വിഡിയോ പങ്കുവെച്ചു.
‘നിങ്ങളുടെ ദുബായിലേക്കുള്ള വഴി’ ക്യാംമ്പെയ്ന്റെ ഭാഗമായാണ് ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങൾ അറിയിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദുബായ് സന്ദർശിക്കാനുള്ള ഈ വിസയിൽ 30, 60, 90 ദിവസത്തെ കാലാവധികൾ ലഭ്യമാണ്. സന്ദർശനത്തിന്റെ ആവശ്യത്തിന് അനുസരിച്ച് അനുയോജ്യമായ കാലാവധി തെരഞ്ഞെടുക്കാമെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു.
ഫോട്ടോ, പുറംചട്ട ഉൾപ്പെടെയുള്ള പാസ്പോർട്ടിന്റെ പകർപ്പ്, ബന്ധുത്വം തെളിയിക്കുന്ന രേഖ, ശമ്പള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തൊഴിൽ കരാർ എന്നിവയാണ് അപേക്ഷയ്ക്കാവശ്യമായ പ്രധാന രേഖകൾ.
ജിഡിആർഎഫ്എ ദുബായുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ‘ദുബായ് നൗ’ ആപ്പ് വഴിയോ അപേക്ഷ നൽകാം. രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട വിസാ സേവനം തെരഞ്ഞെടുക്കുക, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് രേഖകൾ സമർപ്പിക്കുക, തുടർന്ന് ഫീസ് അടയ്ക്കുക എന്നീ ഘട്ടങ്ങളിലൂടെ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കാം. ആമർ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിച്ചും അപേക്ഷ സമർപ്പിക്കാവുന്നതാണ്.