അബുദാബി: അൽഐനിലെ ആകാശത്ത് സുഹൈൽ നക്ഷത്രം ഉദിച്ചതായി സ്ഥിരീകരണം. എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി അംഗമായ തമിം അൽ തമീമി പകർത്തിയ ചിത്രം സ്റ്റോം സെന്‍റർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
വേനൽക്കാലത്ത് നിന്ന് ശൈത്യകാലത്തേക്കുള്ള മാറ്റത്തിന്‍റെ സൂചനയാണ് സുഹൈൽ നക്ഷത്രത്തിന്‍റെ ഉദയം. ആദ്യ ഘട്ടത്തിൽ രാത്രി കാലങ്ങളിലാണ് അന്തരീക്ഷ താപനില താഴുന്നത്. ക്രമേണ കാലാവസ്ഥ പൂർണമായും ശൈത്യകാലത്തേക്ക് കൂടുമാറ്റം നടത്തും. ഇതിന് 40 ദിവസമെടുക്കും.ഒക്ടോബർ മധ്യത്തോടെ തണുപ്പുകാലം യാഥാർഥ്യമാകും.
മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ടും ജാഗ്രത പാലിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. രാജ്യം കാലാവസ്ഥാ മാറ്റത്തിലേക്ക് പ്രവേശിച്ചുതുടങ്ങിയ സാഹചര്യത്തിൽ ചിലയിടങ്ങളിൽ മഴയ്ക്കും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പലയിടങ്ങളിലും പൊടിക്കാറ്റ് വീശുമെന്നും അറിയിപ്പിൽ പറയുന്നു. ഷാർജ എമിറേറ്റിലെ മലീഹ.ഖദെയ്‌റ,ഫിലി എന്നവിടങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് ദേശിയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതിനാൽ താമസക്കാരോട് ജാഗ്രത പാലിക്കാൻ കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
കനത്ത മഴ പെയ്താൽ പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.