

റമദാൻ മാസത്തിൽ ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനം: ഷാർജ മുൻസിപ്പാലിറ്റിയിൽ പെർമിറ്റുകൾക്ക് അപേക്ഷിക്കാം
ഷാർജ: ഷാർജയിൽ റമദാൻ മാസത്തിലെ പകൽ സമയങ്ങളിൽ ഹോട്ടലുകൾക്ക് മുന്നിൽ ഭക്ഷണ വസ്തുക്കൾ പ്രദർശിപ്പിക്കാനും തയാറാക്കുന്നതിനുമുള്ള പ്രത്യേക പെർമിറ്റുകൾ അനുവദിച്ചു തുടങ്ങി. ഷോപ്പിങ് മാളുകൾക്കുള്ളിൽ പ്രദർശിപ്പിക്കുന്നതിനും പെർമിറ്റ് നിർബന്ധമാണ്.
പകൽ സമയങ്ങളിൽ ഔട്ട്ലറ്റുകളിലും റസ്റ്റാറന്റുകളിലും ഭക്ഷണം തയാറാക്കുന്നതിനുള്ള പെർമിറ്റ് ഫീസ് 3,000 ദിർഹമാണ്. എന്നാൽ, റമദാനിന്റെ പകൽ സമയങ്ങളിൽ റസ്റ്റാറന്റിനകത്തേക്ക് ഉപയോക്താക്കളെ സ്വീകരിക്കാനോ ഭക്ഷണം നൽകാനോ പാടില്ല.
അടുക്കളകളിൽ മാത്രമേ ഭക്ഷണം തയാറാക്കാൻ അനുവദിക്കൂ. ഇഫ്താർ സമയത്തിനു മുമ്പ് ഹോട്ടലുകൾ, കഫ്റ്റീരിയ, ബേക്കറികൾ എന്നിവക്ക് മുന്നിൽ പകൽ സമയങ്ങളിൽ ഭക്ഷണ വസ്തുക്കൾ പ്രദർശിപ്പിക്കുന്നതിനുള്ള പെർമിറ്റിനും അപേക്ഷ സമർപ്പിക്കാം. 5,000 ദിർഹമാണ് പെർമിറ്റ് ഫീസ്. ഭക്ഷണം പ്രദർശിപ്പിക്കുന്നത് തുരുമ്പെടുക്കാത്ത ലോഹ പാത്രങ്ങളായിരിക്കണം.
അർഹരായവർക്ക് ഷാർജ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് പെർമിറ്റ് സേവനങ്ങൾക്ക് അപേക്ഷിക്കേണ്ടത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം തയാറാക്കുന്നത് തടയാൻ റമദാനിൽ പ്രത്യേക പരിശോധനകളും മുനിസിപ്പാലിറ്റി നടത്തും.