ദുബായ്: ദുബായ് പൊലീസിൽ കര രക്ഷാപ്രവർത്തനത്തിന് സജ്ജരായി വനിതാ സംഘം. യുഎയിലെ തന്നെ ആദ്യ വനിതാ രക്ഷാസംഘത്തിന്‍റെ ബിരുദദാന ചടങ്ങ് നടത്തി. ആദ്യ ബാച്ചിൽ 18 നോൺ കമ്മീഷൻഡ് വനിതാ ഓഫിസർമാരാണ് പഠനവും പരിശീലനവും പൂർത്തിയാക്കി ദുബായ് പോലീസിന്‍റെ ഭാഗമായത്.
ദുബായ് പൊലീസിൽ പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും സ്ത്രീശാക്തീകരണത്തിലുള്ള ദുബായ് പോലീസിന്‍റെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ആദ്യ ബാച്ചിലെ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
ബിരുദദാന ചടങ്ങിന്‍റെ ഭാഗമായി റോഡപകടങ്ങൾ, തീപിടിത്തം, വാഹനങ്ങളുടെ വാതിൽ തുറക്കൽ, രക്ഷോപകരണങ്ങൾ പ്രവർത്തിപ്പിക്കൽ എന്നിവയുടെ അവതരണം നടത്തി.
ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്.ജനറൽ അബ്ദുള്ള ഖലീഫ അൽ മറിയും പൊലീസിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.