

ശക്തമായ പാസ്പോർട്ട് എന്ന ബഹുമതി നേടി യുഎഇ പാസ്പോർട്ട്
ദുബായ്: ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ 2026ലെ ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം, യുഎഇ പാസ്പോർട്ട് ലോകത്തിലെ അഞ്ചാമത്തെ ശക്തമായ പാസ്പോർട്ട് എന്ന ബഹുമതി സ്വന്തമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചു സ്ഥാനങ്ങളുടെ മുന്നേറ്റമാണ് യുഎഇ ഇത്തവണ നേടിയത്.
സൂചികയിൽ ന്യൂസിലൻഡ്, ആസ്ട്രേലിയ, യുനൈറ്റഡ് കിങ്ഡം, കാനഡ, ഐസ്ലൻഡ്, അമേരിക്ക എന്നിവയേക്കാൾ ശക്തമായ പാസ്പോർട്ടാണ് യുഎഇയുടേത്.
ഹംഗറി, പോർചുഗൽ, സ്ലോവാക്യ, സ് ലൊവീനിയ എന്നീ രാജ്യങ്ങളോടൊപ്പമാണ് യുഎഇ അഞ്ചാം സ്ഥാനത്തെത്തിയത്. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് 184 രാജ്യങ്ങളിലേക്ക് വിസയില്ലാതെയോ വിസ-ഓൺ-അറൈവൽ സംവിധാനത്തിലൂടെയോ പ്രവേശിക്കാനാവും. 192 രാജ്യങ്ങളിലേക്കുള്ള വിസരഹിത പ്രവേശനം ലഭിക്കുന്ന സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ജപ്പാനും ദക്ഷിണ കൊറിയയും രണ്ടാം സ്ഥാനവും ഡെൻമാർക്ക്, ലക്സംബർഗ്, സ്പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങൾ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ 20 വർഷത്തിനിടെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയ രാജ്യമാണ് യുഎഇ.