
ലോകകപ്പ് ഫുട്ബോൾ: പ്രതീക്ഷ കൈവിടാതെ യുഎഇ
ദുബായ്: അടുത്ത വർഷം അമെരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫുട്‌ബോൾ ലോകകപ്പിനുള്ള സാധ്യത നിലനിർത്തി യുഎഇ. ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഖത്തറിനോട് തോറ്റെങ്കിലും പ്ലേ ഓഫ് മത്സരങ്ങൾ വിജയിച്ച് ലോകകപ്പിൽ കളിക്കാനുള്ള അവസരമാണ് യുഎഇ യെ കാത്തിരിക്കുന്നത്.
ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ നാലാം റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ സൗദിക്ക് പിന്നിൽ രണ്ടാമതെത്തിയ ഇറാഖുമായാണ് യുഎഇയുടെ അടുത്ത പോരാട്ടം. നവംബർ 13-ന് യുഎഇയിൽ ആദ്യ പാദ മത്സരവും 18-ന് ഇറാഖിൽ രണ്ടാം പാദ മത്സരവും നടക്കും. ഈ പ്ലേ-ഓഫിൽ വിജയിക്കുന്ന ടീമിന് അടുത്ത ഘട്ടമായ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫിലേക്ക് പ്രവേശനം ലഭിക്കും.
യുഎഇ - ഇറാഖ് വിജയിയെ കൂടാതെ ആറ് ടീമുകളാണ് ഈ ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ-ഓഫിൽ മത്സരിക്കുന്നത്. ആഫ്രിക്ക, വടക്ക്-മധ്യ അമെരിക്കൻ - കരീബിയൻ മേഖല (രണ്ട് ടീമുകൾ), തെക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ടീമുകളാണ് ഇവ.
ഈ ആറു ടീമുകൾ അടുത്ത വർഷത്തെ ലോകകപ്പിലെ അവസാന രണ്ട് സ്ഥാനങ്ങൾക്കായി പോരാടും. ഓഷ്യാനിയയിൽ നിന്നു ന്യൂ കാലിഡോണിയയും തെക്കേ അമെരിക്കയിൽ നിന്നു ബൊളീവിയയും ഇതിനകം തന്നെ ഈ അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിലാണ് യുഎഇ ഇതിനുമുൻപ് പങ്കെടുത്തിട്ടുള്ളത്.