
വേൾഡ് ഗെയിംസ് 2025: യുഎഇ ജിയു ജിറ്റ്സു താരങ്ങൾക്ക് മൂന്ന് മെഡലുകൾ
ദുബായ്: 2025ലെ ചെങ്ഡു വേൾഡ് ഗെയിംസിന്‍റെ രണ്ടാം ദിനത്തിൽ യുഎഇ ജിയു ജിറ്റ്സു ദേശീയ ടീമിലെ താരങ്ങൾ മൂന്ന് മെഡലുകൾ നേടി. പോർച്ചുഗൽ, ദക്ഷിണ കൊറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എതിരാളികൾക്കെതിരേ ശക്തമായ പോരാട്ടങ്ങൾ നടത്തിയ ശേഷം സഈദ് അൽ കുബൈസി യുഎഇ ക്ക് വേണ്ടി 85 കിലോഗ്രാം വിഭാഗത്തിൽ സ്വർണം സ്വന്തമാക്കി. 77 കിലോ വിഭാഗത്തിൽ മെഹ്ദി അൽ അവ്‌ലാക്കിയും 69 കിലോ വിഭാഗത്തിൽ മുഹമ്മദ് അൽ സുവൈദിയും വെള്ളി നേടി.
ഒളിമ്പിക് ഗെയിംസിൽ ഇതു വരെ ഉൾപ്പെടുത്താത്ത കായിക ഇനങ്ങളുടെ ആഗോള പ്രദർശന വേദിയായ 12-ാമത് വേൾഡ് ഗെയിംസിൽ 118 രാജ്യങ്ങളിൽ നിന്നുള്ള 5,000 അത്‌ലറ്റുകൾ 34 കായിക ഇനങ്ങളിലായി മത്സരിക്കുന്നു. യുഎഇ യിലെ കായിക താരങ്ങളെ ഉയർന്ന നിലവാരത്തിൽ പ്രകടനം നടത്താൻ സജ്ജമാക്കാനുള്ള ഫെഡറേഷന്‍റെ തുടർ ശ്രമങ്ങളുടെയും പദ്ധതികളുടെയും ഫലമാണ് ഈ വിജയമെന്ന് സഈദ് അൽ കുബൈസി പറഞ്ഞു.
തങ്ങൾ നടത്തിയ കഠിനാധ്വാനത്തിന്‍റെയും തീവ്രമായ പരിശീലനത്തിന്‍റെയും സ്വാഭാവിക ഫലമാണിതെന്നും, ഈ ഘട്ടത്തിലെത്താനും ഇത്തരമൊരു ആഗോള മത്സരത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാനും തങ്ങളെ സഹായിച്ച യുഎഇ ജിയു-ജിറ്റ്സു ഫെഡറേഷന് നന്ദിയർപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് നഗരമായ ചെങ്ഡുവിൽ നടക്കുന്ന വേൾഡ് ഗെയിംസ് ഈ മാസം 17 ന് സമാപിക്കും.