
യു എ ഇ പ്രധാനമന്ത്രിയുടെ ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ് ക്യാംപെയ്‌നിലേക്ക് 20 മില്യൺ ദിർഹം നൽകി യൂസഫലി
ദുബായ്: യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ് കാമ്പെയ്‌നിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി 20 ദശലക്ഷം ദിർഹം സംഭാവന നൽകി. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്‍റെ സംരംഭമായ ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ് കാമ്പെയ്‌നിനെ പിന്തുണക്കുന്നതിന്‍റെ ഭാഗമായാണ് സംഭാവന നൽകിയത്. മാതാപിതാക്കളെ ബഹുമാനിക്കുക, അനുകമ്പ, ഐക്യം എന്നീ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്‍റെ ലക്ഷ്യം.
"പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും അർഹതയുള്ളവർക്ക് സുസ്ഥിരമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലൂടെയും ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ് കാമ്പയിൻ ഉദാത്തമായ മാനവിക മൂല്യമാണ് ഉയർത്തിപ്പിടിക്കുന്നത്.റമദാനിൽ പിതാക്കന്മാരെ ബഹുമാനിക്കുന്നത് മഹത്തായ ഒരു പ്രവർത്തനമാണ്.'-എംഎ യൂസഫലി പറഞ്ഞു.
" ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച കാമ്പയിനിലേക്കുള്ള സംഭാവന, യുഎഇയുടെ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്.
ഈ മാനുഷികദൗത്യത്തിന്‍റെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്" യൂസഫലി കൂട്ടിച്ചേർത്തു.
ഫാദേഴ്‌സ് എൻഡോവ്‌മെന്‍റ് കാമ്പെയ്‌നിന്‍റെ വെബ്‌സൈറ്റ് (Fathersfund.ae), ടോൾ ഫ്രീ നമ്പറായ 800 4999, കോൾ സെന്‍റർ എന്നിവയുൾപ്പെടെ ആറ് മാർഗങ്ങളിലൂടെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എൻഡോവ്‌മെന്‍റ് ഫണ്ടിലേക്ക് സംഭാവനകൾ നൽകാം.
എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിലെ (IBAN: AE020340003518492868201) കാമ്പെയ്‌ൻ ബാങ്ക് അക്കൗണ്ടിലേക്ക് യുഎഇ ദിർഹത്തിൽ ബാങ്ക് ട്രാൻസ്ഫർ വഴിയും സംഭാവനകൾ നൽകാം. ഇ & , ഡു ഉപയോക്താക്കൾക്ക് ഇംഗ്ലീഷിൽ "ഫാദർ" എന്ന വാക്ക് ടൈപ്പ് ചെയ്ത് AED10 സംഭാവന ചെയ്യാൻ 1034, AED50 സംഭാവന ചെയ്യാൻ 1035, AED100 സംഭാവന ചെയ്യാൻ 1036, AED500 സംഭാവന ചെയ്യാൻ 1038 എന്നീ നമ്പറുകളിലേക്ക് എസ് എം എസ് അയക്കാം.
"സംഭാവനകൾ" എന്ന ടാബിൽ ക്ലിക്കുചെയ്‌ത് ദുബായ് നൗ ആപ്പ്, ദുബായിയുടെ കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്‌ഫോമായ ജൂഡ് (Jood.ae) എന്നിവ വഴിയും കാമ്പെയ്‌നിലേക്ക് സംഭാവനകൾ നൽകാവുന്നതാണ്.