കുവൈറ്റിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം സർക്കാർ മുടക്കുന്നു

ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മറ്റ് 23 മലയാളികളുടെയും കുടുംബങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചപ്പോൾ, ഡെന്നിയുടെ പിതാവ് ബേബിക്കുട്ടി കരുണാകരനെ മാത്രം കേരള സർക്കാർ അവഗണിച്ചു
കുവൈറ്റിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിൽ അനാസ്ഥ

അപകടത്തിൽ മരിച്ച ഡെന്നി, പിതാവ് ബേബിക്കുട്ടി കരുണാകരൻ.

Updated on

മുംബൈ: 2024 ജൂൺ 12-ന് കുവൈറ്റിലെ NBTC ഗ്രൂപ്പ് പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും മുംബൈയിൽ സ്ഥിരതാമസക്കാരനുമായിരുന്ന ഡെന്നി ബേബി കരുണാകരന്‍റെ (33) പിതാവിന് പ്രഖ്യാപിച്ച ധനസഹായം നൽകുന്നതിൽ കേരള സർക്കാർ അനാസ്ഥ കാണിക്കുന്നതായി പരാതി.

ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മറ്റ് 23 മലയാളികളുടെയും കുടുംബങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചപ്പോൾ, ഡെന്നിയുടെ പിതാവ് ബേബിക്കുട്ടി കരുണാകരന് മാത്രം കേരള സർക്കാറിന്‍റെ ഭാഗത്തുനിന്ന് നീതി നിഷേധിക്കപ്പെടുകയാണ്.

മകന്‍റെ വേർപാടിൽ തകർന്നുപോയ പിതാവിന് നിയമാനുസൃതമുള്ള അവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ വില്ലെജ്, താലൂക്ക് ഓഫിസുകൾ കയറിയിറങ്ങി ഒന്നര വർഷത്തോളമാണ് പോരാടേണ്ടി വന്നത്. ഒടുവിൽ കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി, കോടതിയുടെ ശക്തമായ ഇടപെടലിനും ഉത്തരവിനും ശേഷമാണ് 2026 മാർച്ചിനു ശേഷമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.

കുവൈറ്റ് സർക്കാർ നൽകിയ 13 ലക്ഷം രൂപ ലഭിച്ചത് 2026 ജൂലൈ 28-നായിരുന്നു. അവകാശ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ തുടർന്നു മാത്രമായിരുന്നു ഇത്. എന്നാൽ, എം.എ. യൂസഫലി പ്രഖ്യാപിച്ച 5 ലക്ഷം രൂപയും രവി പിള്ള പ്രഖ്യാപിച്ച 2 ലക്ഷം രൂപയും ഉൾപ്പെടെയുള്ള ധനസഹായം ഇതുവരെ കുടുംബത്തിന് ലഭ്യമായിട്ടില്ല. കോടതി വിധി വന്നിട്ടും നിയമപരമായ എല്ലാ തടസങ്ങളും നീങ്ങിയിട്ടും കേരള സർക്കാർ പ്രഖ്യാപിച്ച 5 ലക്ഷം രൂപയും മുടങ്ങിക്കിടക്കുന്നു.

കൊങ്കൺ യാത്രാവേദി ഈ വിഷയം എഐസിസി ജോയിന്‍റ് സെക്രട്ടറിയും കോൺഗ്രസ് ദേശീയ വക്താവുമായ അഡ്വ. മാത്യു ആന്‍റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് അദ്ദേഹം ഇടപെട്ടു. നോർക്ക ഓഫിസർ അരുൺ കുമാറുമായി സംസാരിച്ച മാത്യു ആന്‍റണി, വിഷയം ഉടൻ തന്നെ കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അറിയിച്ചു. മുംബൈയിൽ സ്ഥിരതാമസമാക്കിയതിന്‍റെ പേരിൽ മാത്രം ഇത്തരത്തിൽ നീതി നിഷേധിക്കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

"പ്രവാസികളായ മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവരെ ചേർത്തുപിടിക്കാനുമല്ലേ നോർക്ക?അങ്ങനെയല്ലെങ്കിൽ ഈ സ്ഥാപനത്തിന്‍റെ യഥാർഥ്യ ലക്ഷ്യം തന്നെ എന്താണ്?" അഡ്വ. മാത്യു ആന്‍റണി പ്രതികരിച്ചു.

മഹാരാഷ്ട്രയിൽ താമസിച്ച് അവിടെനിന്ന് പാസ്‌പോർട്ട് എടുത്ത് വിദേശത്ത് പോയി അപകടത്തിൽപ്പെട്ടു" എന്ന വിചിത്രമായ സാങ്കേതികത്വം ഉന്നയിച്ചാണ് കേരള സർക്കാർ ഡെന്നിയുടെ പിതാവിന് ധനസഹായം നിഷേധിക്കുന്നത്. കേന്ദ്ര-കുവൈറ്റ് സർക്കാരുകൾ കോടതി ഉത്തരവ് അംഗീകരിച്ച് അർഹതപ്പെട്ട തുക കൈമാറിയപ്പോഴും, കേരള സർക്കാർ മാത്രം ഇതിൽ നിന്ന് പൂർണമായി പുറംതിരിഞ്ഞു നിൽക്കുകയാണെന്നത് പ്രവാസി സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഉപജീവനത്തിനായി പ്രവാസം തിരഞ്ഞെടുക്കുന്ന മലയാളി ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് താമസിച്ച് പാസ്‌പോർട്ട് എടുത്താലും അവൻ എന്നും മലയാളി തന്നെയാണെന്ന യാഥാർഥ്യം സർക്കാർ വിസ്മരിക്കരുതെന്നാണ് മുംബൈ മലയാളികൾ ഒന്നടങ്കം ചൂണ്ടിക്കാണിക്കുന്നത്. മുൻ സർക്കാരിലെ ചില ഉദ്യോഗസ്ഥർ സാങ്കേതികത്വങ്ങൾ പറഞ്ഞ് തടഞ്ഞുവെച്ച ഈ അർഹതപ്പെട്ട സഹായം, പുതിയ സർക്കാരിലൂടെ തങ്ങൾക്ക് ഒടുവിൽ ലഭ്യമാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ കുടുംബം.

logo
Metro Vaartha
www.metrovaartha.com