
ദുബായിലെ 59 പള്ളികളിൽ പെയ്‌ഡ് പാർക്കിങ്: പ്രാർഥനാ സമയങ്ങളിൽ സൗജന്യം
ദുബായ്: ദുബായ് എമിറേറ്റിലെ 59 പള്ളികളിൽ ഇനി മുതൽ 24 മണിക്കൂറും പെയ്‌ഡ് പാർക്കിങ്ങ് സംവിധാനം നിലവിൽ വരുന്നു. 59 പള്ളികളിലെ 2,100 പാർക്കിങ് ഇടങ്ങൾ ഇനി പാർക്കിൻ കമ്പനി കൈകാര്യം ചെയ്യും.
പ്രാർഥനാ സമയത്ത് ഒരു മണിക്കൂർ വിശ്വാസികൾക്ക് പാർക്കിങ് സൗജന്യമായിരിക്കും. അടുത്ത മാസം മുതൽ പുതിയ പാർക്കിങ്ങ് സമ്പ്രദായം നിലവിൽ വരും. ഈ പാർക്കിങ് സ്ഥലങ്ങൾ സോൺ എം അഥവാ സ്റ്റാൻഡേർഡ്, സോൺ എംപി അഥവാ പ്രീമിയം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. 59 കേന്ദ്രങ്ങളിൽ 41 എണ്ണം സോണി എം ലും 18 എണ്ണം സോണി എംപിയിലുമായിരിക്കും.
സ്റ്റാൻഡേർഡ് പാർക്കിങ് മേഖലയിൽ അര മണിക്കൂറിന് 2 ദിർഹവും ഒരു മണിക്കൂറിന് 4 ദിർഹവും ഈടാക്കും. പ്രീമിയം പാർക്കിങ് മേഖലയിൽ ഓഫ്-പീക്ക് സമയങ്ങളിൽ അര മണിക്കൂറിന് 2 ദിർഹവും ഒരു മണിക്കൂറിന് 4 ദിർഹവും ആയിരിക്കും നിരക്ക്. പ്രീമിയം പാർക്കിങ് മേഖലയിൽ പീക്ക് സമയങ്ങളിൽ അരമണിക്കൂറിന് 3 ദിർഹവും ഒരു മണിക്കൂറിന് 6 ദിർഹവും ഈടാക്കും.
പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പാർക്കിൻ കമ്പനി ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്‍റുമായി കരാറിൽ ഒപ്പുവച്ചു. ഭാവിയിൽ കൂടുതൽ പള്ളികളെ ഉൾപ്പെടുത്തി സംരംഭം വിപുലീകരിക്കുന്ന കാര്യം ആലോചനയിൽ ഉണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു.
ലക്ഷ്യം പാർക്കിങ് ദുരുപയോഗം തടയൽ
സന്ദർശകരല്ലാത്തവരുടെ ദുരുപയോഗം കുറയ്ക്കുകയും കൂടുതൽ പേർക്ക് പാർക്കിങ്ങ് ഇടങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യമെന്ന് പാർക്കിൻ സിഇഒ മുഹമ്മദ് അബ്ദുള്ള അൽ അലി പറഞ്ഞു.