
ശബരിമല: പന്ത്രണ്ടു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സ്വാമി അയ്യപ്പന്‍റെ രൂപം മുദ്രണം ചെയ്ത സ്വർണ ലോക്കറ്റ് വീണ്ടും പുറത്തറിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോര്‍ഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ലോക്കറ്റ് വീണ്ടും ഇറക്കുന്നത്. ഇതിന്‍റെ കൂടുതൽ വിവരങ്ങൾ ബോർഡ് യോഗം ചർച്ച ചെയ്ത ശേഷം വ്യക്തമാക്കും.
ഒരു ഗ്രാം മുതൽ 8 ഗ്രാം വരെ തൂക്കത്തിലുള്ള ലോക്കറ്റുകയാണ് പണിയുക. ലോക്കറ്റ് പണിതുനല്‍കാന്‍ താത്പര്യം പ്രകടിപ്പിച്ച് പ്രമുഖ ജ്യുവലറികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സ്വര്‍ണത്തിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ പണിയാൻ സന്നദ്ധരായവരെയാണ് ഇതിനായി പരിഗണിക്കുക.
ഭക്തരുടെ അഭ്യർഥന പരിഗണിച്ച് ഈ മണ്ഡല കാലത്തു തന്നെ ലോക്കറ്റ് ഇറക്കാനാണ് ദേവസ്വം ബോർഡിന്‍റെ ശ്രമം. മണ്ഡലകാലം അവസാനിക്കാൻ ഇനി 34 ദിവസം കൂടിയാണ് ബാക്കിയുള്ളത്.
ഗുരുവായൂരപ്പന്‍ ലോക്കറ്റിന്‍റെ മാതൃകയില്‍ 1980-കളിലാണ് ശബരിമലയില്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ലോക്കറ്റുകള്‍ വരുന്നത്. അന്ന് ദേവസ്വത്തിന്‍റെ പക്കലുള്ള സ്വർണമുപയോഗച്ചായിരുന്നു ലോക്കറ്റ് പണിതിരുന്നത്. എന്നാൽ, ഇത്തവണ കരാറുകാർ തന്നെ സ്വർണം വാങ്ങി പണിയണം എന്നായിരിക്കും വ്യവസ്ഥ.