

ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിൽ ഉണ്ടായ തിരക്കിലും, നിയന്ത്രണം പാളിയതിനെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. മുന്നൊരുക്കം ആറ് മാസം മുന്‍പെ തുടങ്ങേണ്ടതായിരുന്നു. എല്ലാവരെയും കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു.
സ്ഥലപരിമിതിയ്ക്ക് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുകയുള്ളു. തിരക്ക് നിയന്ത്രിക്കാൻ സാധ്യക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. ശബരിമലയിൽ ചൊവ്വാഴ്ച തിരക്ക് മൂലം ദര്‍ശനം നടത്താൻ കഴിയാതെ തീര്‍ത്ഥാടകര്‍ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായിരുന്നു. മലയാളികളടക്കമുള്ള തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്താതെ മടങ്ങി പന്തളത്ത് പോയി നെയ്യഭിഷേകം നടത്തി മടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് തിരക്ക് അൽപമെങ്കിലും നിയന്ത്രണവിധേയമായത്. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡിനെ കോടതി വിമര്‍ശിച്ചത്.