

തങ്ക അങ്കി ഘോഷയാത്ര 26ന് പുറപ്പെടും
സന്നിധാനം: 27ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി ഘോഷയാത്ര 26ന് പുറപ്പെടും. അന്നേ ദിവസം ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മകരവിളക്ക് ദര്‍ശിക്കുന്നതിന് പ്രത്യേക ഇടങ്ങൾ ഭക്തര്‍ തെരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകൾ യോഗത്തിൽ ചർച്ച ചെയ്യും.
അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ജ്യോതി ദര്‍ശിക്കുന്ന സാഹചര്യം ഭക്തര്‍ ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. മകരവിളക്കിനോടനുബന്ധിച്ച് കാനന പാത വഴി വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. ഭക്തരിൽ പലരും സത്രം പുല്ലുമേട് വഴി തിരഞ്ഞെടുക്കുന്നുണ്ട്.
ദുര്‍ഘടമായ പാതയിലൂടെ പ്രായാധിക്യമുള്ളവര്‍, അസുഖമുള്ളവര്‍ തുടങ്ങിയവര്‍ ഏറെ ദൂരം നടന്നുവരുന്ന സാഹചര്യം നിലനിൽക്കുന്നതായാണ് ദേവസ്വം ബോർഡിന്‍റെ വിലയിരുത്തൽ. തമിഴ്‌നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും നിന്നുള്ള ഭക്തര്‍ക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ അവബോധം നല്‍കും. കാനന പാത വഴി വരുന്നവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്നതിന് പോലീസുമായും വനം വകുപ്പുമായും ധാരണയിലെത്തിയിട്ടുണ്ട്.