

ദർശന സൗകര്യമൊരുക്കി പൊലീസ്
സന്നിധാനം: വെർച്വല്‍ ക്യൂ പാസുണ്ടായിട്ടും ഭക്തരുടെ അഭൂതമായ തിരക്കു മൂലം ശബരിമല ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി പാതിവഴിയിൽ മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിന് സുഗമ ദര്‍ശനം ഒരുക്കി പൊലീസ്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തിനാണ് എഡിജിപി എസ്. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ഇവര്‍ ഉള്‍പ്പെടെയുള്ള 17 പേരാണ് കൊല്ലത്തു നിന്ന് ചൊവ്വാഴ്ച പമ്പയിലെത്തിയത്. എന്നാല്‍ തിരക്കും ആരോഗ്യപരമായ കാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറ് സ്ത്രീകളും രണ്ടു കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചു പോയി.
ഈ സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ശബരിമല പൊലീസ് ചീഫ് കോ- ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്‍ദേശിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിന്‍റെ സഹായത്തോടെ സന്നിധാനത്തെത്തുകയും മനം നിറഞ്ഞ് മാമല വാസനെ തൊഴുകയും ചെയ്തു. ദര്‍ശനത്തിനു ശേഷം പൊലീസിന് നന്ദി പറഞ്ഞാണ് ഇവര്‍ മലയിറങ്ങിയത്.
18ന് പാസ് എടുക്കാതെ ചിലര്‍ എത്തിയതു മൂലം ചെറിയ ബുദ്ധിമുട്ടുണ്ടായതായി എഡിജിപി പറഞ്ഞു. ഇതുമൂലം ആരോഗ്യ പ്രശ്‌നങ്ങളുള്ള ഏതാനും തീര്‍ഥാടകര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയത് ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്നാണ് ഇവര്‍ക്ക് സൗകര്യം ഒരുക്കിയത്. വെർച്വല്‍ ക്യൂ പാസ് എടുത്ത് കൃതമായ ദിവസം എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.