

ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചു
തിരുവനന്തപുരം: ശബരിമല സ്വർണ മോഷണക്കേസിൽ തിരുവാഭരണ കമ്മീഷണർ 2019 ൽ ദേവസ്വം ബോർഡിന് രേഖാമൂലം നൽകിയ കത്ത് അവഗണിച്ചതായി റിപ്പോർട്ട്. ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന കത്താണ് തിരുവാഭരണ കമ്മീഷണർ ദേവസ്വം ബോർഡിന് കൈമാറിയത്.
ദേവസ്വം ബോർഡിന്‍റെ കീഴിലുളള ക്ഷേത്രങ്ങളിൽ നിയമപരമായി ഒന്നും നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന കത്തായിരുന്നു ഇത്.
അന്നത്തെ തിരുവാഭരണ കമ്മീഷണർ ആർ.ജി രാധാകൃഷ്ണനാണ് കത്ത് ദേവസ്വം ബോർഡിന് കൈമാറിയത്. വിലപിടിപ്പുളളവ സൂക്ഷിക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് അലംഭാവം ഉണ്ടെന്നും പ്രാധാന്യമുളള ആഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ എന്നിവയുടെ സംരക്ഷണത്തിന് പ്രത്യേക സംവിധാനം വേണമെന്നും കത്തിൽ ആർ.ജി രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സ്മാർട്ട് ക്രിയേഷനിലെ പരിശോധനയ്ക്ക് പിന്നാലെയായിരുന്നു കമ്മീഷണറുടെ കത്ത്.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനായിരുന്നു കത്ത് നൽകിയത്. പരിശോധനകൾക്ക് ബോർഡ് അനുമതി നൽകിയാൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്നും കത്തിൽ പരാമർശമുണ്ട്. എന്നാൽ കത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടർ നടപടി എടുത്തില്ല. ഈ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.