27 വർഷം; നട തുറന്നാലുമില്ലെങ്കിലും മുടങ്ങാത്ത ശബരിമല കയറ്റം

മണ്ഡല-മകരവിളക്ക് കാലത്ത് ഏകദേശം 250 പത്രങ്ങൾ; ക്ഷേത്രം അടച്ചാലും മേൽശാന്തി ഉൾപ്പെടെ 15 പേർക്ക്
Sabarimala's Tireless Newspaper Runner Climbs the Hill Every Day for 27 Years

പത്രം അവധിയുള്ള ദിവസങ്ങളിലും അമർനാഥ് തീർഥാടനത്തിനു പോയപ്പോഴും മാത്രമാണ് ശ്രീധരൻ ശബരിമല മലകയറ്റം മുടക്കിയിട്ടുള്ളത്.

Updated on: 

ശബരിമല: ശബരിമല തീർഥാടകർക്ക് പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള മല കയറ്റം വിശ്വാസത്തിന്‍റെയും സഹനശേഷിയുടെയും പരീക്ഷയാണ്. 68 വയസുകാരനായ ശ്രീധരനാകട്ടെ, കഴിഞ്ഞ 27 വർഷത്തോളമായി അതു ദിനചര്യയുടെ ഭാഗവും. നട തുറന്നാലും ഇല്ലെങ്കിലും ശ്രീധരൻ ദിവസവും മല കയറും, നടന്നും ഓടിയും, കൈയിൽ പത്രങ്ങളുമായി.

ക്ഷേത്രം തീർഥാടകർക്കായി അടച്ചിരിക്കുമ്പോഴും മേൽശാന്തിയും മറ്റ് 14 പേരും സന്നിധാനത്തുണ്ടാകും. അവർക്കുമുള്ള പത്രങ്ങൾ ശ്രീധരൻ കൃത്യമായി എത്തിക്കും. തിരക്കേറിയ മണ്ഡല-മകരവിളക്ക് കാലത്ത് ആയിരക്കണക്കിന് ഭക്തർ നിറയുന്ന പാതയിലൂടെ ഏകദേശം 250 പത്രങ്ങളുമായി സന്നിധാനത്തെ ഓഫിസുകളിലും കടകളിലും എത്തും.

ശ്രീധരന് സ്വന്തം പരിചിതമാണ് ഈ പാത. ആനകളും കടുവകളും ഉണ്ടാകാറുള്ള വനമേഖലകളിലൂടെ വർഷം മുഴുവൻ നടന്നുപോയി സാധാരണ വൈകുന്നേരത്തോടെ പമ്പയിൽ മടങ്ങിയെത്തും. ക്ഷേത്രം അടച്ചിരിക്കുമ്പോൾ രാവിലെ 9-ന് പുറപ്പെട്ട് വൈകിട്ട് 4-ഓടെ പമ്പയിൽ തിരിച്ചെത്തും.

'അയ്യപ്പനെ കാണാൻ വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്, ഒരു പരിധി വരെ ജീവിക്കാനും. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. 'ഞങ്ങളെ രക്ഷിക്കണേ' എന്നു പറഞ്ഞ് ഇവിടെ എത്തിയാൽ ചുറ്റുമുള്ളത് (വന്യമൃഗങ്ങളെ) ഒന്നും ശ്രദ്ധിക്കില്ല. ഇനി നേരിൽ വന്നാൽ അവ കാട്ടിലേക്ക് പിൻവാങ്ങും,' ശ്രീധരൻ പറയുന്നു.

ദിവസേനയുള്ള മലകയറ്റമാണ് തന്നെ ആരോഗ്യത്തോടെ നിലനിർത്തുന്നതെന്നും, ഇതുവരെ രോഗം പിടിപെട്ടിട്ടില്ലെന്നും ശ്രീധരൻ വിശ്വസിക്കുന്നു; ഒരിക്കൽ പോലും ഈ ചര്യയിൽ ക്ഷീണം തോന്നിയിട്ടില്ല. അതേസമയം, ഒരിക്കലെങ്കിലും മലകയറാൻ പലർക്കും വേണ്ടിവരുന്ന പ്രയത്നത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യവുമുണ്ട്.

കാട് ചിലപ്പോൾ അദ്ദേഹത്തെ പരീക്ഷിച്ചിട്ടുണ്ട്. പ്രസവം കഴിഞ്ഞ കാട്ടാന ശബരിപീഠത്തിൽ വച്ച് ചിന്നംവിളിച്ച് പെട്ടെന്ന് തനിക്കു നേരെ പാഞ്ഞടുത്ത സംഭവം അദ്ദേഹം ഓർക്കുന്നു. പേടിച്ച് കണ്ണടച്ച് 'എന്‍റെ അയ്യപ്പാ' എന്ന് പ്രാർഥിച്ചുവെന്നും, പ്രാർഥന കഴിഞ്ഞപ്പോൾ ആന എങ്ങോട്ടു പോയെന്ന് കാണാനായില്ലെന്നും ശ്രീധരൻ.

പത്രം പ്രസിദ്ധീകരിക്കാത്ത ദിവസങ്ങളിലും അമർനാഥ് യാത്രയിലും മാത്രമാണ് ദിവസേനയുള്ള കയറ്റം മുടങ്ങിയിട്ടുള്ളത്. പത്രവിതരണം മറ്റൊരാളെ ഏൽപ്പിക്കുന്നത് അമർനാഥ് തീർഥാടനത്തിന് പോകുമ്പോൾ മാത്രമാണ്; ശബരിമലയിലെ ദിവസേനയുള്ള കയറ്റമാണ് കശ്മീരിലെ മഞ്ഞുമലകൾ താണ്ടാൻ സഹായിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

വയനാട് സ്വദേശിയായ ശ്രീധരൻ ചെറുപ്പത്തിലേ പത്രം ഏജന്‍റായിരുന്നു. 38-ാം വയസ്സിൽ അമ്മ മരിച്ചതോടെ ജീവിതം മാറി. ദുഃഖത്തിൽ മുങ്ങി കർണാടകയിലെ മൂകാംബിക ക്ഷേത്രത്തിലെത്തി ഒന്നര വർഷം മൗനവ്രതത്തിൽ കഴിഞ്ഞു. ആ കാലത്താണ് ശബരിമലയിലേക്ക് ആകർഷിക്കപ്പെട്ടത്. 2000-ൽ മലയിലെത്തിയ അദ്ദേഹം അന്നുമുതൽ പമ്പയെ വീടാക്കി. സ്വന്തമായി കുടുംബമില്ല, ബന്ധുക്കളുമായി ബന്ധവും കുറവാണ്.