യുഎസില്‍ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന

എണ്ണ കയറ്റുമതി രാജ്യമാണ് യുഎസ്, എന്നിട്ടും വിലക്കയറ്റ ഭീഷണി
 Fuel prices hit record high in US

യുഎസില്‍ ഇന്ധന വിലയില്‍ റെക്കോര്‍ഡ് വര്‍ധന

graphics /bloomberg

Updated on

വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരാന്‍ കാരണമായിരിക്കുകയാണ്. ചൊവ്വാഴ്ച യുഎസിലെ ശരാശരി റീട്ടെയില്‍ പെട്രോള്‍ വില ഗാലണിന് (ഏകദേശം 3.78541 ലിറ്റര്‍) നാല് ഡോളറിലെത്തി. അതായത് ഏകദേശം 380 രൂപ. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായിട്ടാണ് ഗാലണിന് ശരാശരി 4 യുഎസ് ഡോളറിലെത്തിയത്. യുദ്ധം ജൂണ്‍ അവസാനം വരെ തുടര്‍ന്നാല്‍ രാജ്യത്തുടനീളമുള്ള പെട്രോൾ വില ഗാലണിന് ഏഴ് ഡോളര്‍ വരെ ഉയരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 2022 ജൂലൈയ്ക്ക് ശേഷം ആദ്യമായി യുഎസ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തി. മാര്‍ച്ചില്‍ 50% ത്തിലധികമാണ് വില ഉയര്‍ന്നത്.

മോട്ടോര്‍ ക്ലബ് 'എഎഎ' യുടെ കണക്കനുസരിച്ച് ഒരു ഗാലണ്‍ പെട്രോളിന് ഇപ്പോള്‍ ശരാശരി 4.02 യുഎസ് ഡോളറാണ് വില. ഇത് പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ ഒരു ഡോളര്‍ കൂടുതലാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന്, ഏകദേശം നാല് വര്‍ഷം മുമ്പാണ് യുഎസില്‍ ഇത്രയും വലിയ വില രേഖപ്പെടുത്തിയത്. ഫെബ്രുവരി 28നാണ് യുഎസും ഇസ്രയേലും ഇറാനെതിരേ യുദ്ധം ആരംഭിച്ചത്. ഫെബ്രുവരി അവസാനം മുതല്‍ ഇതുവരെയായി യുഎസില്‍ പെട്രോള്‍ വിലയില്‍ 34 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

പല കുടുംബങ്ങളും ജീവിതച്ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇന്ധന വില ഉയരുന്നത് തിരിച്ചടിയാണ്. ഇന്ധന വില ഉയരുന്നത് യൂട്ടിലിറ്റി ബില്ലുകള്‍ മുതല്‍ ഉപഭോക്താക്കള്‍ ദിവസവും വാങ്ങുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ധിക്കാന്‍ കാരണമാകും.

എണ്ണ കയറ്റുമതി രാജ്യമാണ് യുഎസ്, എന്നിട്ടും വിലക്കയറ്റ ഭീഷണി

ഒരു എണ്ണ കയറ്റുമതി രാജ്യമാണ് അമെരിക്ക. ഇന്ത്യയെ പോലെയോ മറ്റ് ഏഷ്യന്‍ രാജ്യങ്ങളെ പോലെയോ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കുന്നില്ല യുഎസ്. എന്നാല്‍ അമെരിക്ക ഇന്ധന വിലക്കയറ്റത്തില്‍ നിന്ന് മുക്തമല്ലെന്നതാണു യാഥാര്‍ഥ്യം.

ആഗോളതലത്തില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഒരു ചരക്കാണ് എണ്ണ. യുഎസ് ഉത്പാദിപ്പിക്കുന്നത് ഭൂരിഭാഗവും ഭാരം കുറഞ്ഞ അസംസ്‌കൃത എണ്ണയാണ്. എന്നാല്‍ കിഴക്കന്‍, പടിഞ്ഞാറന്‍ തീരങ്ങളിലെ ശുദ്ധീകരണശാലകള്‍ പ്രധാനമായും ഭാരമേറിയ എണ്ണ സംസ്‌കരിക്കുന്നതിനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തത്ഫലമായി, യുഎസിന് എണ്ണ ഇറക്കുമതിയും ആവശ്യമാണ്. വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എണ്ണ വിതരണത്തെ തടസപ്പെടുത്തിയതോടെ അമെരിക്കയിലും ഇന്ധന വില കുതിച്ചുചാട്ടത്തിന് വിധേയമായിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com