അന്‍റാർട്ടിക്കയിലെ ഗവേഷണ കേന്ദ്രത്തിൽ ഗുരുതരാവസ്ഥയിലായ യുഎസ് പൗരനെ ന്യൂസിലൻഡിലെത്തിച്ചു

യുഎസ്-അന്‍റാർട്ടിക് പ്രോഗ്രാമിന്‍റെ ഭാഗമായിരുന്ന വ്യക്തിയെയാണ് തുടർന്ന്അടിയന്തര വൈദ്യസഹായത്തിനായി ഒഴിപ്പിച്ചതെന്ന് യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ
US citizen critical condition Antarctic research base flown to New Zealand

അന്‍റാർട്ടിക്കയിലെ ഗവേഷണ കേന്ദ്രത്തിൽ ഗുരുതരാവസ്ഥയിലായ യുഎസ് പൗരനെ ന്യൂസിലൻഡിലെത്തിച്ചു

Updated on

വാഷിങ്ടൺ: അന്‍റാർട്ടിക്കയിലെ യുഎസ് ഗവേഷണ കേന്ദ്രത്തിൽ നിന്ന് അമെരിക്കൻ പൗരനെ അടിയന്തര ചികിത്സയ്ക്കായി ന്യൂസിലൻഡിലെ ആശുപത്രിയിലേയ്ക്കു മാറ്റി. യുഎസ്-അന്‍റാർട്ടിക് പ്രോഗ്രാമിന്‍റെ ഭാഗമായിരുന്ന വ്യക്തിയെയാണ് ഗുരുതരമായ രോഗത്തെ തുടർന്ന് ഇക്കഴിഞ്ഞ 31 ന് മക്മർഡോ സ്റ്റേഷനിൽ നിന്ന് അടിയന്തര വൈദ്യസഹായത്തിനായി ഒഴിപ്പിച്ചതെന്ന് യുഎസ് നാഷണൽ സയൻസ് ഫൗണ്ടേഷൻ അറിയിച്ചു.

അന്‍റാർട്ടിക്കയിലെ അതിശൈത്യവും പ്രതികൂല കാലാവസ്ഥയും നിലനിന്ന സാഹചര്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. യുഎസ് അന്‍റാര്‍ട്ടിക് പ്രോഗ്രാമിന് നേതൃത്വം നല്‍കുന്ന നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ അന്‍റാര്‍ട്ടിക് ഡിവിഷനും ന്യൂസിലന്‍ഡ് പ്രതിരോധ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിച്ചു.

ഓസ്ട്രേലിയയിലെ ഹോബാര്‍ട്ടില്‍ നിന്ന് പുറപ്പെട്ട വിമാനം അഞ്ച് മണിക്കൂര്‍ പറന്നാണ് ചെയ്ത് മക്മര്‍ഡോ സ്റ്റേഷനിലെത്തിയത്. പൂര്‍ണമായും ഇരുട്ട് നിറഞ്ഞ സാഹചര്യത്തിലായിരുന്നു വിമാനം അവിടെ ഇറങ്ങിയതെന്ന് ഓസ്ട്രേലിയന്‍ അന്‍റാര്‍ട്ടിക് ഡിവിഷന്‍ അറിയിച്ചു. തുടര്‍ന്ന് രോഗിയെ വിമാനത്തിലേക്ക് മാറ്റി ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് കൊണ്ടുപോയി.

അന്‍റാര്‍ട്ടിക്കില്‍ താപനില മൈനസ് 43 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നിരുന്നതായും കാലാവസ്ഥ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു. ഇത്തരം അപകടകരമായ ശൈത്യകാല സാഹചര്യങ്ങള്‍ക്കിടയിലും രോഗിയെ സുരക്ഷിതമായി വിമാനത്തിലേക്ക് മാറ്റി ക്രൈസ്റ്റ്ചര്‍ച്ചിലേക്ക് എത്തിക്കുകയായിരുന്നു.

രോഗിയുടെ ആരോഗ്യനിലയെക്കുറിച്ചോ മറ്റ് വ്യക്തിഗത വിവരങ്ങളെക്കുറിച്ചോ അധികൃതര്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടിയന്തര വൈദ്യസഹായം നല്‍കിയ രക്ഷാപ്രവര്‍ത്തകര്‍ക്കും അപകടകരമായ അന്‍റാര്‍ട്ടിക് ശൈത്യകാല സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കുന്ന ഗതാഗതസഹായം നല്‍കിയ ഓസ്ട്രേലിയന്‍, ന്യൂസിലന്‍ഡ് പങ്കാളികള്‍ക്കും നന്ദി അറിയിക്കുന്നതായി യുഎസ് നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com