

യുഎസ് സൈന്യം പസഫിക് സമുദ്രത്തിൽ നടത്തിയ ആക്രമണത്തിൽ നിന്ന ്
pentagon
വാഷിങ്ടൺ : ഓപ്പറേഷൻ സതേൺ സ്പിയർ എന്ന പേരിൽ നടത്തിയ ലഹരിക്കടത്ത് ദൗത്യത്തിന്‍റെ ഭാഗമായി അമെരിക്കൻ സൈന്യം പസഫിക് സമുദ്രത്തിൽ നടത്തിയ ആക്രമണത്തിൽ രണ്ടു പേർ കൂടി കൊല്ലപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഈ ആക്രമണം. യുഎസ് സതേൺ കമാൻഡിന്‍റെ കീഴിലുള്ള ‘ജോയിന്‍റ് ടാസ്ക് ഫോഴ്‌സ് സതേൺ സ്പിയർ’ ആണ് പസഫിക് സമുദ്രത്തിൽ ലഹരിക്കടത്ത് സംഘത്തിന്‍റെ ബോട്ട് ലക്ഷ്യമിട്ട് മാരകമായ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ബോട്ടിലുണ്ടായിരുന്ന രണ്ടു പേർ കൊല്ലപ്പെട്ടു. ഒരാൾ രക്ഷപ്പെട്ടതായും ഇയാൾക്കായി യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അമെരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്‍റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഈ നീക്കം നടന്നതെന്ന് സതേൺ കമാൻഡ് എക്സ് പ്ലാറ്റ് ഫോമിലൂടെ വ്യക്തമാക്കി.
ലഹരിക്കടത്ത് നടത്തുന്ന നിയുക്ത ഭീകര സംഘടനകളെ നേരിടാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഈ ഓപ്പറേഷൻ ആരംഭിച്ചതിനു ശേഷം ഇതു വരെ വിവിധ ആക്രമണങ്ങളിലായി ഏകദേശം 117 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. അമെരിക്കൻ തീരങ്ങളിലേയ്ക്ക് ലഹരി മരുന്ന് എത്തുന്നത് തടയാൻ സമുദ്ര മേഖലകളിൽ കൂടുതൽ കർശനമായ സൈനിക നടപടികൾ തുടരുമെന്ന് ട്രംപ് ഭരണകൂടം ആവർത്തിച്ചു പ്രഖ്യാപിച്ചു.