

ഹോർമൂസ് കടലിടുക്ക് ഗ്രാഫിക്സ്
social media
ടോക്കിയോ: ഇറാൻ-അമെരിക്ക യുദ്ധത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെങ്കിൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി തങ്ങളുടെ സൈന്യത്തെ വിന്യസിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ജപ്പാൻ. ഞായറാഴ്ച ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവേ ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗിയാണ് രാജ്യത്തിന്‍റെ ഈ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ ഇതൊരു സാധ്യത മാത്രമാണെങ്കിലും യുദ്ധം അവസാനിച്ച ശേഷം കപ്പൽ ഗതാഗതത്തിന് മൈനുകൾ ഭീഷണിയായാൽ അന്താരാഷ്ട്ര സുരക്ഷ മുൻനിർത്തി സൈനിക ഇടപെടൽ വേണ്ടി വരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജപ്പാന്‍റെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 90ശതമാനത്തിലധികവും പശ്ചിമേഷ്യയെ ആശ്രയിച്ചാണ് നില നിൽക്കുന്നത്. 2022ൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ജപ്പാൻ ഗണ്യമായി കുറച്ചിരുന്നു.
വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹോർമൂസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നതിനായി തങ്ങളുടെ സൈന്യത്തെ വിന്യസിക്കാം: ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗി
file photo
ഇതോടെ പശ്ചിമേഷ്യയെ കൂടുതൽ ആശ്രയിക്കാൻ ജപ്പാൻ നിർബന്ധിതമായി. ഹോർമൂസ് കടലിടുക്കിലെ തടസങ്ങൾ കാരണം ജപ്പാനിൽ ഇന്ധന വില കുതിച്ചുയരുകയാണ്. ഈ ആഴ്ച ലിറ്ററിന് 190.9 യെൻ(ഏകദേശം 1.20 ഡോളർ) എന്ന നിലയിലേയ്ക്ക് വില ഉയർന്നത് ജപ്പാനിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും പണപ്പെരുപ്പത്തിനും കാരണമാകുമെന്ന ആശങ്ക വിദഗ്ധർ പങ്കു വച്ചിരുന്നു.
സാധാരണ ഗതിയിൽ 254 ദിവസത്തേയ്ക്കുള്ള ഇന്ധന ശേഖരം ജപ്പാന്‍റെ പക്കലുണ്ടെങ്കിലും വിപണിയിലെ വിലക്കയറ്റം തടയുന്നതിനും വിതരണം സുഗമമാക്കുന്നതിനുമായി ഈ കരുതൽ ശേഖരത്തിൽ നിന്നും എണ്ണ എടുക്കാൻ ടോക്കിയോ ഇതിനകം തീരുമാനിച്ചു. പൊതു ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനുമായി ജപ്പാൻ സർക്കാർ നടത്തുന്ന ഈ നീക്കം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഹോർമൂസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിൽ ജപ്പാൻ കാട്ടുന്ന ഈ താൽപര്യം മേഖലയിലെ മറ്റു രാജ്യങ്ങൾക്കും വൻ ആശ്വാസമാണ് നൽകുന്നത്.