
ഉത്തര കൊറിയയോട് പരാജയം രുചിച്ച് ട്രംപ്
file photo
വാഷിങ്ടൺ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി ഉന്നത തല ആണവ ചർച്ചകൾക്ക് ട്രംപ് തയാറെടുക്കുന്നതിനിടെ 2019ൽ ഉത്തര കൊറിയയുടെ ആശയ വിനിമയ സംവിധാനങ്ങൾ ചോർത്താൻ ശ്രമിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഈ ദൗത്യം ദയനീയമായി പരാജയപ്പെട്ടതായും പത്രം എഴുതുന്നു.
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ ആശയ വിനിമയങ്ങൾ ചോർത്തുന്നതിനായി ഒരു ഇലക്‌ട്രോണിക് ഉപകരണം സ്ഥാപിക്കാൻ ഡോണൾഡ് ട്രംപിന്‍റെ അനുമതിയോടെ 2019ന്‍റെ തുടക്കത്തിൽ യുഎസ് നേവി സീൽ ടീം 6 ഉത്തര കൊറിയൻ മണ്ണിൽ ഒരു രഹസ്യ ദൗത്യം ആരംഭിച്ചു. മാസങ്ങൾ നീണ്ട തയാറെടുപ്പുകൾക്ക് ശേഷവും നിരവധി കാരണങ്ങളാൽ ഉപകരണം സ്ഥാപിക്കുന്നതിനു മുമ്പു തന്നെ ദൗത്യം തകർന്നു. ദൗത്യം പരാജയപ്പെട്ടതിനു മൂന്നു കാരണങ്ങളാണ് റിപ്പോർട്ടിൽ എടുത്തു പറയുന്നത്.
അന്തർവാഹിനി വിന്യാസത്തിലെ നാവിഗേഷൻ പിഴവുകൾ, തത്സമയ വിവരങ്ങളുടെയും നിരീക്ഷണത്തിന്‍റെയും അഭാവം, സാധാരണക്കാരുമായുള്ള അപ്രതീക്ഷിത ഏറ്റുമുട്ടൽ എന്നിവയാണ് ഉത്തര കൊറിയയെ കുറിച്ചുള്ള യുഎസ് രഹസ്യാന്വേഷണ വിവരങ്ങൾ മനസിലാക്കാൻ ലക്ഷ്യമിട്ടുള്ള നിർണായക ദൗത്യത്തെ പരാജയപ്പെടുത്തിയത്.