ഇസ്രയേൽ രാഷ്‌ട്രീയത്തിലെ നിർണായക നീക്കങ്ങൾ

സൈനിക മേധാവിയായിരുന്ന കാലത്ത് ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സഹകരണത്തിൽ ഐസൻകോട്ട് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്
 Critical moves in Israeli politics

ഇസ്രയേൽ രാഷ്‌ട്രീയത്തിലെ നിർണായക നീക്കങ്ങൾ

Updated on: 

ഇസ്രയേലിൽ ഭരണമാറ്റത്തിനു കളമൊരുങ്ങുകയാണ്. അമെരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിനൊപ്പമാണ് ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭരണകാലവും അവസാനിക്കാനുള്ള സാധ്യത തെളിയുന്നത്. ഇറാനെതിരായ യുദ്ധത്തെയടക്കം ഈ പുതിയ സംഭവവികാസങ്ങൾ എങ്ങനെ ബാധിക്കുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്. 120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെന്‍റ് (നെസറ്റ്) തെരഞ്ഞെടുപ്പിൽ ജനങ്ങൾ ആർക്കും ഭൂരിപക്ഷം നൽകിയില്ല. 53 സീറ്റുകളോടെ നെതന്യാഹുവിന്‍റെ മുന്നണിയാണു മുന്നിൽ നിന്നത്. യാഷർ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ടിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകൾ ലഭിച്ചു. അറബ് പാർട്ടികൾ 19 സീറ്റുകളും നേടി. എങ്ങനെയും അധികാരത്തിൽ പിടിച്ചു നിൽക്കാനുള്ള നെതന്യാഹുവിന്‍റെ ശ്രമം വിജയിച്ചില്ല. ലിക്വിഡ് പാർട്ടിയുടെയും വലതുപക്ഷ ബ്ലോക്കിന്‍റെയും പരമ്പരാഗത സഖ്യകക്ഷിയായ യുണൈറ്റഡ് തോറ ജൂഡായിസം കൈവിട്ടതോടെ വീണ്ടും പ്രധാനമന്ത്രിയാവുകയെന്ന നെതന്യാഹുവിന്‍റെ സ്വപ്നം അകന്നുപോയി. അവരുടെ ഏഴ് അംഗങ്ങൾ കുറഞ്ഞതോടെ നെതന്യാഹുവിന്‍റെ മുന്നണിയുടെ അംഗബലം 46 ആയി ചുരുങ്ങി. പ്രസിഡന്‍റ് ഐസക് ഹെർസോഗ് പുതിയ സർക്കാർ രൂപീകരിക്കുന്നതിന് ഗാഡി ഐസൻകോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. 67 പാർലമെന്‍റ് അംഗങ്ങളുടെ പിന്തുണ ഐസൻകോട്ട് അവകാശപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ ഭൂരിപക്ഷം ഉറപ്പിച്ചു എന്നു പറയാം.

മന്ത്രിസഭ രൂപീകരിക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമാണുള്ളത്. അതിനുശേഷം 14 ദിവസം കൂടി സമയം നീട്ടിനൽകാനും പ്രസിഡന്‍റിനു കഴിയും. എത്രയും വേഗം സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയാക്കാനാവും ഐസൻകോട്ട് ശ്രമിക്കുക. യുണൈറ്റഡ് തോറ ജൂഡായിസം എന്തു നിലപാടു സ്വീകരിക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രസിഡന്‍റ് ഹെർസോഗ് നടത്തിയ ചർച്ചകളിൽ ആരെയും പ്രധാനമന്ത്രിയായി നിർദേശിക്കാൻ അവർ തയാറായിരുന്നില്ല. ഐസൻകോട്ടിന്‍റെ സർക്കാരിനു പുറത്തുനിന്നു പിന്തുണ നൽകുമെന്നും അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ സഖ്യത്തിൽ ചേരുമെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ടെങ്കിലും ഒന്നും വ്യക്തമായിട്ടില്ല. അറബ് പാർട്ടികൾ ഐസൻകോട്ടിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നെതന്യാഹുവിന്‍റെ സർക്കാരിനെ പുറത്താക്കുകയാണു ലക്ഷ്യമെന്ന് അവർ പറയുന്നു. എന്നാൽ, ഈ പിന്തുണ സ്വീകരിക്കുന്നതിന് ഐസൻകോട്ടിന്‍റെ മുന്നണിയിൽ തന്നെ വിയോജിപ്പുള്ളവരുണ്ട്. സർക്കാരിനെ പിന്തുണച്ചാൽ തന്നെ അറബ് പാർട്ടികളുടെ ഉപാധികൾ എന്തായിരിക്കുമെന്നും വ്യക്തമല്ല.

Eisenkot with his son, who was killed in the Gaza war in 2023

2023ൽ ഗാസ യുദ്ധത്തിൽ കൊല്ലപ്പെട്ട പുത്രനൊപ്പം ഐസൻകോട്ട്

അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നത് ഇസ്രയേലിനു ദോഷകരമാവുമെന്നു നെതന്യാഹു മുന്നറിയിപ്പു നൽകുന്നുണ്ട്. എന്താണു സംഭവിക്കുകയെന്നു രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുകയാണ്. ഐസൻകോട്ടിന്‍റെ ആശയങ്ങളോട് അറബ് പാർട്ടികൾക്കു യോജിപ്പില്ല. നെതന്യാഹുവിനോടുള്ള ശത്രുത മാത്രമാണ് മറ്റൊരു സർക്കാരിനെ പിന്തുണയ്ക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഇസ്രയേലിനെ ജൂത രാഷ്‌ട്രമായി അംഗീകരിക്കുക, ഹമാസിനെ ഭീകര സംഘടനയായി അംഗീകരിക്കുക, സൈനിക സേവനം നിർബന്ധമാക്കുന്നത് അംഗീകരിക്കുക തുടങ്ങിയ ഉപാധികൾ ഐസൻകോട്ട് മുന്നോട്ടുവച്ചിട്ടുള്ളതു ശ്രദ്ധേയമാണ്. യാഷർ പാർട്ടിയുടെ ജൂത വോട്ട് ബാങ്ക് സംരക്ഷിക്കുകയാണ് ഈ ഉപാധികളുടെ ലക്ഷ്യമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും ഐസൻകോട്ടിന് അനുകൂലമാണ് ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങൾ എന്നു തന്നെയാണു ധരിക്കേണ്ടത്. ഉടൻ തന്നെ മറ്റൊരു തെരഞ്ഞെടുപ്പിലേക്കു പോകുന്നത് ഒഴിവാകാൻ ഐസൻകോട്ടിന്‍റെ നേതൃത്വം സഹായിക്കും.

ഇറാനുമായുള്ള യുദ്ധം മാത്രമല്ല പുതിയ സർക്കാരിന്‍റെ നിലപാടു കാക്കുന്നത്. ഗാസയിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്. യുഎസുമായുള്ള ബന്ധങ്ങളും പ്രധാനമാണ്. മുൻ സൈനിക മേധാവി കൂടിയാണ് ഐസൻകോട്ട്. 2015 മുതൽ 2019 വരെ ഇസ്രയേൽ പ്രതിരോധ സേനയുടെ ചീഫ് ഒഫ് സ്റ്റാഫ് ആയിരുന്നു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പ്രക്ഷോഭങ്ങളെ ശക്തമായ സൈനിക നടപടികളിലൂടെ അദ്ദേഹം നേരിട്ടതാണ്. ഇസ്രയേലിന്‍റെ സൈനിക നടപടികളെ പിന്തുണച്ചിട്ടുള്ള നേതാവ് എന്ന നിലയ്ക്ക് ശക്തമായ സുരക്ഷാ നയങ്ങളാണ് അദ്ദേഹം സ്വീകരിക്കുകയെന്നു വ്യക്തം. ഇസ്രയേലിന്‍റെ വിദേശകാര്യ നയത്തിലോ പലസ്തീൻ വിഷയത്തിലോ കാര്യമായ മാറ്റം ഉണ്ടാകുമെന്നു പലരും കരുതുന്നില്ല. ഐസൻകോട്ടിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വന്നാലും ഇന്ത്യ- ഇസ്രയേൽ ബന്ധം നല്ല നിലയിൽ തന്നെ മുന്നോട്ടുപോകുമെന്നാണു കരുതുന്നത്. നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത സൗഹൃദമാണുള്ളത്. സുഹൃത്ത് എന്നതിലുപരി സഹോദരനായാണ് മോദിയെ നെതന്യാഹു വിശേഷിപ്പിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇസ്രയേൽ പാർലമെന്‍റിൽ മോദി ചരിത്രപ്രധാനമായ പ്രസംഗം നടത്തുകയുണ്ടായി. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഇസ്രയേലുമായുള്ള ഈ സൗഹൃദം ഐസൻകോട്ട് വന്നാലും തുടരുമെന്നാണു ധരിക്കേണ്ടത്. സൈനിക മേധാവിയായിരുന്ന കാലത്ത് ഇന്ത്യയുമായുള്ള പ്രതിരോധ മേഖലയിലെ സഹകരണത്തിൽ ഐസൻകോട്ട് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. തന്ത്രപ്രധാന പങ്കാളിയായി അദ്ദേഹം ഇന്ത്യയെ വിലയിരുത്തുന്നു എന്നാണു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.