

എണ്ണ വില പിടിച്ചു നിർത്താൻ യുഎസിന്‍റെ കരുതൽ ശേഖരം
file photo
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കു വഴിയുള്ള എണ്ണ നീക്കം തടസപ്പെട്ടതോടെ ആഗോള എണ്ണ വിപണിയിൽ വൻ തോതിലുള്ള വില വർധന ഉണ്ടായതിനു പിന്നാലെ വിപണി ഇടപെടൽ കൂടുതൽ ശക്തമാക്കി അമെരിക്ക. അമെരിക്കയുടെ കരുതൽ ശേഖരത്തിൽ നിന്നും 172 ദശലക്ഷം ബാരൽ എണ്ണ പൊതുവിപണിയിലേക്ക് വിട്ടു നൽകും.
ഇതു സംബന്ധിച്ച തീരുമാനം അമെരിക്കൻ ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റാണ് വ്യക്തമാക്കിയത്. ആഗോള ഊര്‍ജ്ജ വിപണിയിലെ അനിയന്ത്രിതമായ വിലവര്‍ധന പിടിച്ചു നിര്‍ത്തുന്നതിനായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ) നടത്തുന്ന അന്താരാഷ്ട്ര ശ്രമത്തിന്‍റെ ഭാഗമാണ് അമേരിക്കയുടെ ഈ നീക്കമെന്നും റൈറ്റ് പറഞ്ഞു.
ആഗോള വിപണിയിലെ എണ്ണയുടെ കുറവും വില കുതിപ്പും തടയാനായി ആഘാതങ്ങള്‍ നികത്താന്‍ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയിലെ 32 അംഗ രാജ്യങ്ങള്‍ രനേരത്തെ 400 ദശലക്ഷം ബാരല്‍ എണ്ണ വിപണിയിലിറക്കാന്‍ സമ്മതിച്ചതായി ഊര്‍ജ്ജ സെക്രട്ടറി പറഞ്ഞു.
യുഎസ് തങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്നുള്ള വിതരണം അടുത്ത ആഴ്ച ആരംഭിക്കും. മൂന്നുമാസത്തിനുളളില്‍ ഈ വിതരണം പൂര്‍ത്തിയാകുമെന്നും റൈറ്റ് വ്യക്തമാക്കി.