

ഹോര്‍മുസ് പഴയ അവസ്ഥയിലേക്ക് മടങ്ങില്ല: ഇറാന്‍
file photo
വാഷിങ്ടണ്‍: നിര്‍ണായക അന്താരാഷ്‌ട്ര ജലപാതയായ ഹോര്‍മുസ് കടലിടുക്ക് തന്ത്രപരമായ മാറ്റങ്ങള്‍ക്ക് വിധേയമായെന്നും ഒരിക്കലും പഴയ അവസ്ഥയിലേക്കു മടങ്ങില്ലെന്നും ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) തിങ്കളാഴ്ച പറഞ്ഞു. ഇറാന്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ ഹോര്‍മുസ് തുറക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസ്താവനയുമായി ഐആര്‍ജിസി രംഗത്തുവന്നത്.
ഇടനിലക്കാര്‍ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ക്കുള്ള മറുപടി തയാറാണെന്നും യുഎസും ഇസ്രയേലും ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടില്ലെന്നും ഇറാന്‍ അറിയിച്ചു. ദേശീയ താത്പര്യങ്ങള്‍ അടിസ്ഥാനമാക്കിയാണു ടെഹ്‌റാന്‍ മറുപടി തയാറാക്കിയതെന്നും അവ ഇതിനകം ഇടനിലക്കാര്‍ വഴി അറിയിച്ചിട്ടുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേല്‍ ബഗായി തിങ്കളാഴ്ച പറഞ്ഞു.
നിലവിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പിന്തുണയുള്ള '15-ഇന പദ്ധതി' ഇറാന് മുന്‍പാകെ അവതരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണ് ബഗായി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്ഥിരമായ വെടിനിര്‍ത്തലിന് വാഷിങ്ടണ്‍ തയാറാണെന്ന് ടെഹ്റാന്‍ വിശ്വസിക്കുന്നില്ലെന്നും സമ്മര്‍ദ്ദമോ, അടിച്ചേല്‍പ്പിക്കുന്ന സമയപരിധികളോ അംഗീകരിക്കില്ലെന്നും ഒരു മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെടിനിര്‍ത്തല്‍ എതിര്‍പക്ഷത്തെ വീണ്ടും ശക്തരാക്കാന്‍ അനുവദിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
' ഇസ്‌ലാമാബാദ് കരാര്‍ '
അതേസമയം സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇറാനും യുഎസിനും മുന്‍പാകെ പുതിയ നിര്‍ദേശം പാക്കിസ്ഥാന്‍ അവതരിപ്പിച്ചു. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം സമഗ്രമായ കരാറിലെത്തിച്ചേരാന്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണു നിര്‍ദേശത്തിലുള്ളത്.' ഇസ്‌ലാമാബാദ് കരാര്‍ ' എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇറാനെതിരേയുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. പകരമായി ആണവ പദ്ധതിയുമായി മുന്നേറുന്നതില്‍ നിന്ന് ഇറാന്‍ പിന്മാറണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഈ നിര്‍ദേശത്തോട് ഇറാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഭാവിയില്‍ യുഎസും ഇസ്രയേലും ആക്രമണം നടത്തില്ലെന്ന ഉറപ്പാണ് ഇറാന് തേടുന്നത്.
ഇസ്ഫഹാന്‍ ദൗത്യത്തെ വിമര്‍ശിച്ച് ഇറാന്‍
ഇസ്ഫഹാനില്‍ കഴിഞ്ഞ ദിവസം യുഎസ് പൈലറ്റിനെ രക്ഷപ്പെടുത്താനെന്ന വ്യാജേന നടത്തിയ സൈനിക ഓപ്പറേഷന്‍ ഇറാന്‍റെ യുറേനിയം മോഷ്ടിക്കാന്‍ ലക്ഷ്യമിട്ട് അമെരിക്ക നടത്തിയ നാടകമാണോ എന്ന് സംശയമുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഈ ഓപ്പറേഷനെ ദുരന്തം എന്നും വാഷിങ്ടണിന് നാണക്കേട് ആണെന്നും ഇറാന്‍ പറഞ്ഞു. സംഭവത്തില്‍ നിന്ന് യുഎസ് ഒരു പാഠം പഠിക്കണമെന്നും ഇറാന്‍ ഓര്‍മിപ്പിച്ചു.
ഐആര്‍ജിസി മേധാവി കൊല്ലപ്പെട്ടു
ഐആര്‍ജിസി ഇന്‍റലിജന്‍സ് മേധാവി മജീദ് ഖാദമി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി തിങ്കളാഴ്ച ഇറാന്‍ സ്ഥിരീകരിച്ചു. ഐആര്‍ജിസിയുടെ ഇന്‍റലിജന്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍റെ തലവനും അതിന്‍റെ ഇന്‍റലിജന്‍സ് ഓര്‍ഗനൈസേഷനില്‍ സേവനമനുഷ്ഠിച്ചിട്ടുമുള്ള വ്യക്തിയാണ് ഖാദമി. ഐആര്‍ജിസിയില്‍ ബ്രിഗേഡിയര്‍ ജനറലായിരുന്നു ഖാദമി. ദേശീയ സുരക്ഷയിലും സ്ട്രാറ്റജിക് ഡിഫന്‍സ് സയന്‍സിലും ഡോക്റ്ററേറ്റ് നേടിയിട്ടുണ്ട് ഖാദമി.