ടോക്യോ: ലോകത്തിലെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫർ മത്സ്യം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകം ചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍ മരണത്തിനിരയാകും.
അതിനാല്‍ പഫര്‍ മത്സ്യം പാചകംചെയ്യാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്. ഏത് പ്രായക്കാർക്കും ഈ ലൈസൻസ് എടുക്കാനുള്ള മത്സര പരീക്ഷയിൽ പങ്കെടുക്കാം. അടുത്തിടെ ലൈസൻസ് തേടിയെത്തിയത് 10 വയസുകാരിയാണ്. കരിൻ തബിറ എന്നാണ് അവളുടെ പേര്.
അവൾ ലൈസൻസിനായുള്ള പരീക്ഷയിൽ വിജയിച്ചതോടെ പഫര്‍ മത്സ്യം പാചകംചെയ്യാനുള്ള ലൈസന്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ജപ്പാനിലെ ഈ പത്തുവയസുകാരി. പ്രൊഫഷണല്‍ ഷെഫുകള്‍ ഉള്‍പ്പെടെ 93 പേര്‍ പങ്കെടുത്ത ഇത്തവണത്തെ പരീക്ഷയിൽ 60 പേര്‍ മാത്രമാണ് വിജയിച്ചത്.