
സുരക്ഷാസേനയും പ്രതിഷേധക്കാരും ഏറ്റുമുട്ടി; പാക് അധിനിവേശ കശ്മീരിൽ 12 പേർ കൊല്ലപ്പെട്ടു
മുസാഫറാബാദ്: പാക് അധീന കശ്മീരിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. നിലവിൽ 200ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ ചിലരുടെ ആരോഗ‍്യ നില ഗുരുതരമാണ്. കഴിഞ്ഞ നാലു ദിവസമായി ഭരണകൂടത്തിനെതിരേ പ്രക്ഷോഭം തുടരുകയാണ്.
അവാമി ആക്ഷൻ കമ്മിറ്റിയുടെ (എഎസി) നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നിരസിച്ചുവെന്ന കാരണത്തിന്‍റെ പേരിലാണ് പ്രക്ഷോഭം നടക്കുന്നത്. പാക് അധിനിവേശ കശ്മീർ അസംബ്ലിയിൽ പാക്കിസ്ഥാനിൽ ജീവിക്കുന്ന കശ്മീരി അഭയാർഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന 12 സീറ്റുകൾ റദ്ദാക്കുക തുടങ്ങി 38 ആവശ്യങ്ങളാണ് പ്രതിഷേധകാരികൾ മുന്നോട്ടു വച്ചിരിക്കുന്നത്.പ്രതിഷേധം അടിച്ചമർത്തുന്നതിനായി സൈന‍്യത്തെ വിന‍്യസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാക് സൈന‍്യത്തിനെതിരായ പ്രതിഷേധമായി ഇത് വളർന്നത്.