
ടോക്കിയോയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ 1995 ഓഗസ്റ്റ് 15 ന് യുദ്ധ ഖേദപ്രകടനത്തിന് മുമ്പ് ജാപ്പനീസ് പ്രധാനമന്ത്രി ടോമിച്ചി മുറയാമ മാധ്യമപ്രവർത്തകരുടെ മുന്നിൽ നിൽക്കുന്നു.
NAOKAZU OINUMA / AP
ഒയിറ്റ സിറ്റി: ജപ്പാന്‍റെ മുൻ പ്രധാനമന്ത്രിയും ജാപ്പനീസ് രാഷ്ട്രീയത്തിന്‍റെ പിതാവുമായ ടോമിച്ചി മുറയാമ നൂറ്റൊന്നാം വയസിൽ അന്തരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ ക്ഷമാപണം നടത്തിയതിലൂടെയാണ് ടോമിച്ചി മുറയാമ പ്രശസ്തനായത്. ഒക്റ്റോബർ 17ന് തന്‍റെ ജന്മനാടായ ഒയിറ്റ സിറ്റിയിലെ ഒരു ആശുപത്രിയിലായിരുന്നു മുറയാമയുടെ അന്ത്യം. മുറയാമയുടെ ഇപ്പോൾ നിലവിലില്ലാത്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ പിൻഗാമിയായി കണക്കാക്കപ്പെടുന്ന സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ തലവനായ മിസുഹോ ഫുകുഷിമയാണ് മരണ വിവരം എക്സിൽ പങ്കു വച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്‍റെ 50ാം വാർഷികത്തിലായിരുന്നു ഏഷ്യയിൽ ജപ്പാൻ നടത്തിയ യുദ്ധ ക്രൂരതകളിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു കൊണ്ടുള്ള മുറയാമയുടെ ക്ഷമാപണം. ഇത് 1995ലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ടോക്കിയോയുടെ തുടർന്നുള്ള ക്ഷമാപണത്തിനുള്ള ഒരു മാനദണ്ഡമായി ഈ പ്രസ്താവന മാറി.
1995 ഓഗസ്റ്റിലെ യുദ്ധത്തിനെതിരായ നാഴികക്കല്ലായി മാറിയ ആ പ്രസ്താവനയിൽ, ജപ്പാൻ അതിന്‍റെ കൊളോണിയൽ ഭരണത്തിലൂടെയും ആക്രമണത്തിലൂടെയും പല രാജ്യങ്ങളിലെയും ജനങ്ങൾക്ക്, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് വലിയ നാശനഷ്ടങ്ങളും കഷ്ടപ്പാടുകളും വരുത്തി വച്ചു എന്ന് മുറയാമ പറഞ്ഞു.
" ഭാവിയിൽ അത്തരമൊരു തെറ്റ് സംഭവിക്കരുതെന്ന പ്രതീക്ഷയിൽ ചരിത്രത്തിലെ ഈ നിഷേധിക്കാനാവാത്ത വസ്തുതകളെ ഞാൻ താഴ്മയോടെ പരിഗണിക്കുന്നു, എന്‍റെ ആഴമായ പശ്ചാത്താപം വീണ്ടും ഇവിടെ പ്രകടിപ്പിക്കുകയും എന്‍റെ ഹൃദയംഗമമായ ക്ഷമാപണം നടത്തുകയും ചെയ്യുന്നു' എന്നും അന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്‍റെ ഈ ചരിത്രപ്രസിദ്ധമായ ക്ഷമാപണത്തെ തുടർന്ന് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ 60, 70 വാർഷികങ്ങൾ ആചരിച്ച സമയത്തെല്ലാം അക്കാലത്തുണ്ടായിരുന്ന ജാപ്പനീസ് പ്രധാനമന്ത്രിമാർ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തുകയോ ഹൃദയംഗമമായ ക്ഷമാപണം പറയുകയോ ചെയ്തു. 1994-96 കാലത്താണ് മുറയാമ ജാപ്പനീസ് പ്രധാനമന്ത്രിയായിരുന്നത്.