
ഭീം സെൻ കോലി
ലെസ്റ്റർ: ബ്രിട്ടനിലെ ലെസ്റ്ററിൽ തദ്ദേശീയരായ കുട്ടികളുടെ ആക്രമണത്തിൽ 80 വയസുകാരനായ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ ശിക്ഷിച്ച് ലെസ്റ്റർ ക്രൗൺ കോടതി. പാർക്കിൽ നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ കല്ലെറിഞ്ഞു കൊന്ന പ്രതികളിൽ 15 വയസുകാരന് ഏഴ് വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
അതേസമയം, ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 വയസുകാരിയെ ജയിൽ ശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കി. പെൺകുട്ടിയ്ക്ക് മൂന്ന് വർഷത്തെ യൂത്ത് റിഹാബിലിറ്റേഷൻ ഉത്തരവാണ് നൽകിയത്.
അച്ഛനെ കൊലപ്പെടുത്തിയ പ്രതികൾക്ക് കോടതി നൽകിയ ശിക്ഷ കുറഞ്ഞു പോയെന്ന് മകൾ സൂസൻ പറഞ്ഞു. 2024 സെപ്റ്റംബർ ഒന്നിനു വൈകിട്ടാണ് വീടിന് തൊട്ടടുത്തുളള പാർക്കിൽ നായയ്ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെൻ കോലിയെ കുട്ടികൾ കല്ലെറിഞ്ഞത്.
ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ച കോലി തൊട്ടടുത്ത ദിവസം മരിക്കുകയായിരുന്നു. പാർക്കിന്‍റെ തൊട്ടടുത്തുളള വീട്ടിലാണ് കോലിയും ഭാര്യയും താമസിച്ചിരുന്നത്.
പാർക്കിലെ സിസിടി ദൃശ്യങ്ങൾ വിചാരണ വേളയിൽ പൊലീസ് ഹാജരാക്കിയിരുന്നു. കല്ലേറിൽ കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്.