'ട്രാക്കിലെ 15 വർഷങ്ങൾ': ആഘോഷവുമായി ദുബായ് മെട്രൊ

സംഗമങ്ങളും സമ്മാനങ്ങളുമൊരുക്കി ദുബായ് മെട്രൊയുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കാൻ ആർടിഎ

റോയ് റാഫേൽ

ദുബായ്: സംഗമങ്ങളും സമ്മാനങ്ങളുമൊരുക്കി ദുബായ് മെട്രൊയുടെ പതിനഞ്ചാം വാർഷികം ആഘോഷിക്കാൻ ആർടിഎ. 'ട്രാക്കിലെ 15 വർഷങ്ങൾ' എന്ന പ്രമേയത്തിലാണ് വാർഷിക ആഘോഷങ്ങൾ നടത്തുന്നത്.

2009 സെപ്റ്റംബർ 9 നാണ് ദുബായ് മെട്രൊ പ്രവർത്തനം തുടങ്ങിയത്. ഇതിനകം ദുബായ് നിവാസികളുടെ മാത്രമല്ല സമീപ എമിറേറ്റുകളിൽ താമസിക്കുന്നവരുടെയും യാത്ര ജീവിതത്തിന്‍റെ ഭാഗമായി മാറാൻ ഈ ഡ്രൈവറില്ലാ മെട്രൊക്ക് സാധിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി പരിപാടികൾ ആർടിഎ ഒരുക്കിയിട്ടുണ്ട്.

മെട്രൊ ബേബീസ്

2009 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികളുടെ സംഗമമാണ് ഏറ്റവും ആകർഷകമായ ഒരു പരിപാടി. സെപ്റ്റംബർ 21 ന് ദുബായ് ലെഗോ ലാൻഡിലാണ് മെട്രൊ ബേബിമാരുടെ സംഗമം നടക്കുന്നത്. ഇതിനായി ഇക്കാലയളവിൽ സെപ്റ്റംബർ 9ന് ജനിച്ച കുട്ടികളുടെ മാതാപിതാക്കൾ www.rta.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

ഐസ് ക്രീം കഴിച്ച് നോൽ കാർഡ് നേടാം

ഇഗ്ലുവിന്‍റെ മെട്രൊ ആകൃതിയിലുള്ള സവിശേഷമായ ഐസ് ക്രീം കഴിച്ചാൽ നോൽ ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരമാണ് യാത്രികരെ കാത്തിരിക്കുന്നത്. ഇഗ്‌ളൂ നൽകുന്ന ഐസ്‌ക്രീമുകളിൽ 5000എണ്ണത്തിന്‍റെ സ്റ്റിക്കുകളിൽ മാത്രം പ്രത്യേക കോഡ് ഉണ്ടാകും. ഇത് നൽകിയാൽ നോൽ തെർഹാൽ ഡിസ്‌കൗണ്ട് കാർഡ് ലഭിക്കും.

15 years of Dubai Metro 'ട്രാക്കിലെ 15 വർഷങ്ങൾ': ആഘോഷവുമായി ദുബായ് മെട്രൊ
'ട്രാക്കിലെ 15 വർഷങ്ങൾ': ആഘോഷവുമായി ദുബായ് മെട്രൊ

പ്രത്യേക സ്റ്റാമ്പ്

വാർഷികത്തിന്‍റെ ഭാഗമായി എമിറേറ്റ്സ് പോസ്റ്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കും. ലെഗോ മിഡിലീസ്റ്റ് രൂപകൽപ്പന ചെയ്ത വാർഷിക ലോഗോ പതിപ്പിച്ച പ്രത്യേക എഡിഷൻ നോൽ കാർഡ് ലഭ്യമാക്കുമെന്നും ആർടിഎ അറിയിച്ചു.

അൽ ജാബർ ഗാലറിയിൽ മെട്രൊയുമായി ബന്ധപ്പെട്ട സ്മരണികൾ വാങ്ങാനും അവസരമുണ്ട്. സെപ്റ്റംബർ 21 മുതൽ 27 വരെ സ്വദേശത്തെയും വിദേശത്തെയും സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന സംഗീത പരിപാടികൾ മെട്രൊ സ്റ്റേഷനുകളിൽ നടക്കും. ബ്രാൻഡ് ദുബൈയാണ് നാലാമത് മെട്രൊ സംഗീതോത്സവത്തിന്‍റെ സംഘാടകർ.

Trending

No stories found.

More Videos

No stories found.