

ഇറാൻ-അമെരിക്ക കൂടിക്കാഴ്ച നിർണായക വഴിത്തിരിവിൽ
file photo
ജനീവ: ആണവ വിഷയത്തിലും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കുന്നതിലും നിർണായക ചർച്ചകൾ നടത്തി അമെരിക്കയും ഇറാനും. സ്വിറ്റ്സർലണ്ടിലെ ജനീവയിലാണ് കൂടിക്കാഴ്ച നടത്തിയത്. വളരെ ഗൗരവമായാണ് ഇരു രാജ്യങ്ങളും ചർച്ചകളെ സമീപിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞു. ആണവ പദ്ധതി നിയന്ത്രണവും ഉപരോധങ്ങളിൽ ഇളവ് നൽകുന്നതും സംബന്ധിച്ച് ഇരു പക്ഷവും പ്രായോഗികവും പ്രാധാന്യമുള്ളവയുമായ നിർദേശങ്ങൾ മുന്നോട്ടു വച്ചതായി ഇറാൻ വ്യക്തമാക്കി.ഒമാന്‍റെ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ഈ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. അമെരിക്കൻ സംഘത്തെ നയിക്കുന്നത് യുഎസിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറുമാണ്.
ഇറാൻ വിഭാഗത്തിനായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം ചർച്ചകൾക്കിടയിൽ ചെറിയ ഇടവേള ഉണ്ടായിരുന്നു. ഇത് ഇരു രാജ്യത്തിന്‍റെയും സംഘങ്ങൾ തമ്മിലുള്ള ആഭ്യന്തര ചർച്ചകൾക്കായിരുന്നു. ഇന്ത്യൻ സമയം ഏതാണ്ട് അർധരാത്രിയോടെ ചർച്ചകൾ പുനരാരംഭിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) ഡയറക്റ്റർ ജനറൽ റാഫേൽ ഗ്രോസിയും സാങ്കേതിക നിരീക്ഷകന്‍റെ നിലയിൽ പങ്കെടുക്കുന്നുണ്ട്. ഇറാന്‍റെ ആണവ പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിന് അദ്ദേഹത്തിന്‍റെ സാന്നിധ്യം സഹായകമാകുമെന്നാണ് വിലയിരുത്തൽ.