പ്രതിരോധ സഹകരണം: യുഎസ് പ്രതിരോധ സെക്രട്ടറി- ഇന്ത്യൻ പ്രതിരോധ മന്ത്രി കൂടിക്കാഴ്ച ഇന്ന്

ഫിലിപ്പീൻസിലെ സെബുവിൽ നടക്കുന്ന 13ാം ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോട് അനുബന്ധിച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച.
Pete Hegseth/Rajnath Singh

പീറ്റ് ഹെഗ്സെത്ത്/ രാജ് നാഥ് സിങ്

Updated on: 

ന്യൂഡൽഹി: യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ രംഗത്തെ ഉന്നതരുടെ കൂടിക്കാഴ്ച ബുധനാഴ്ച നടക്കും. ഫിലിപ്പീൻസിലെ സെബുവിൽ നടക്കുന്ന 13ാം ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തോട് അനുബന്ധിച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യ-അമെരിക്ക പ്രതിരോധ സഹകരണത്തിന് പുതിയ കരാർ ഒപ്പു വച്ച് ഒരു വർഷം തികയുന്നതിനിടെയാണ് പുതിയ കൂടിക്കാഴ്ച. 2025 ഒക്റ്റോബർ 31ന് ക്വാലാലംപൂരിൽ നടന്ന മുൻ സമ്മേളനത്തോട് അനുബന്ധിച്ച് ആണ് യുഎസ്- ഇന്ത്യ പ്രധാന പ്രതിരോധ പങ്കാളിത്തത്തിനായുള്ള പത്തുവര്‍ഷത്തെ ചട്ടക്കൂടില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

സൈനിക സംവിധാനങ്ങള്‍ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കല്‍, വിവരങ്ങള്‍ പങ്കുവയ്ക്കല്‍, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം, ശാസ്ത്ര- സാങ്കേതിക രംഗത്തെ സംയുക്ത പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ എന്നിവയാണ് ചട്ടക്കൂടിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. ഇരു രാജ്യങ്ങളും ഈ കരാറിനെ പ്രതിരോധ പങ്കാളിത്തത്തിലെ പുതിയ ഘട്ടത്തിന്‍റെ തുടക്കമായാണ് വിശേഷിപ്പിച്ചത്.

ചട്ടക്കൂടിൽ ഒപ്പു വച്ച ശേഷവും ഇന്ത്യയും അമെരിക്കയും തമ്മിലുള്ള സൈനിക സഹകരണം തുടരുകയാണ്. സെപ്റ്റംബറിൽ നടന്ന 22ാം സംയുക്ത സൈനികാഭ്യാസമായ യുദ്ധ് അഭ്യാസ് ഇരു രാജ്യങ്ങളിലെയും സൈനികർക്ക് സംയുക്ത പരിശീലനത്തിന് അവസരമൊരുക്കി.ഇന്ത്യയില്‍നിന്നും അമേരിക്കയില്‍ നിന്നുമായി ഏകദേശം 600 സൈനികര്‍ വീതമാണ് ഉത്തരാഖണ്ഡിലെയും രാജസ്ഥാനിലെയും പരിശീലന കേന്ദ്രങ്ങളില്‍ പങ്കെടുത്തത്. പര്‍വത- മരുഭൂമി മേഖലകളിലെ സൈനിക നീക്കങ്ങള്‍, സംയുക്ത വെടിവയ്പ് പരിശീലനം, ആളില്ലാ വിമാനങ്ങളുടെയും സ്വയംപ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളുടെയും ഉപയോഗം എന്നിവ അഭ്യാസത്തിന്‍റെ ഭാഗമായിരുന്നു.

ഇന്ത്യയുടെ പിനാക റോക്കറ്റ് സംവിധാനവും അമെരിക്കയുടെ ഹൈമാർസ് റോക്കറ്റ് സംവിധാനവും ഉൾപ്പെടുത്തിയുള്ള പരിശീലനവും നടന്നിരുന്നു. ഫിലിപ്പീൻസിന്‍റെ ആസിയാൻ അധ്യക്ഷ പദവിയുടെ ഭാഗമായി ലാപു-ലാപു സിറ്റിയിൽ ഒക്റ്റോബർ 28,29 തിയതികളിലാണ് സമ്മേളനം നടക്കുന്നത്. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നിന്ന് യാത്ര തിരിച്ച രാജ്നാഥ് സിങ്, പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷാ വിഷയങ്ങളെ കുറിച്ചുള്ള സമ്മേളനത്തിൽ സംസാരിക്കും. പ്രതിരോധ രംഗത്തെ കൂടിയാലോചനകൾക്ക് ഉള്ള മേഖലയിലെ പ്രധാന വേദിയാണ് സമ്മേളനം എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിന്‍റെ ഭാഗമായി ആസിയാൻ കേന്ദ്ര സ്ഥാനത്തുള്ള പ്രാദേശിക സഹകരണത്തിന് ഇന്ത്യ നൽകുന്ന പിന്തുണയും അദ്ദേഹം ആവർത്തിച്ചു.

logo
Metro Vaartha
www.metrovaartha.com